ന്യൂഡൽഹി: അയൽരാജ്യങ്ങളോടുള്ള പ്രതിബന്ധത ഭാരതം മറക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മാലദ്വീപിലേക്ക് അവശ്യ വസ്തുക്കൾ കയറ്റുമതി ചെയ്യാനുള്ള അനുമതി ഇന്ത്യ നൽകിയതിനെ തുടർന്ന് മാലദ്വീപ് മന്ത്രി നന്ദി പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. അയൽപ്പക്കത്തോടും സാഗർ (SAGAR ) നയത്തിനോടും ഇന്ത്യ കാണിക്കുന്ന പ്രതിബദ്ധത തുടരുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
2024-2025 സാമ്പത്തിക വർഷത്തേക്ക് കൂടി ഇന്ത്യയിൽ നിന്നും മാലദ്വീപിലേക്ക് അവശ്യസാധാനങ്ങളുടെ കയറ്റുമതി തുടരാൻ നയതന്ത്ര പോരിനിടയിലും ഭാരതം അനുമതി നൽകുകയായിരുന്നു. അരിയും ഗോതമ്പും അടക്കമുള്ള അവശ്യസാധങ്ങൾ നൽകണമെന്ന മാലദ്വീപ് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു ഇന്ത്യയുടെ നടപടി. സംഭവത്തിന് പിന്നാലെ മാലദ്വീപ് മന്ത്രി മൂസ സമീർ ഭാരതത്തിന് നന്ദിയറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദബന്ധവും ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനുള്ള പ്രതിബദ്ധതയുമാണിത് ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മാലദ്വീപ് മന്ത്രി പ്രത്യേകം നന്ദിയറിയിക്കുകയും ചെയ്തു.
മാലദ്വീപിന്റെ നിലപാടും പ്രതികരണവും സ്വാഗതം ചെയ്ത വിദേശകാര്യമന്ത്രി, അയൽപ്പക്കത്തോടുള്ള പ്രതിബദ്ധതയ്‌ക്കും സാഗർ നയങ്ങൾക്കും ഭാരതം നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സഹകരണം ഉറപ്പുവരുത്തുന്ന നയമാണ് സാഗർ പോളിസി. {SAGAR policy-India’s Security and Growth for All in the Region}
കഴിഞ്ഞ ഏതാനും കാലങ്ങളായി ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും മാലദ്വീപ് ആശ്രയിച്ചിരുന്നത് ഇന്ത്യയെയാണ്. എന്നാൽ കഴിഞ്ഞ ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭാരതത്തേയും അവഹേളിച്ചുകൊണ്ട് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തിയതോടെ വലിയ വിവാദങ്ങൾക്ക് ഇത് തിരികൊളുത്തി. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാലദ്വീപിനെതിരെ കടുത്ത നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്. എന്നിരുന്നാലും അവശ്യവസ്തുക്കളുടെ കയറ്റുമതി നിർത്തരുതെന്ന് മാലദ്വീപ് അപേക്ഷിച്ചതോടെ അനുമതി നൽകുകയായിരുന്നു ഇന്ത്യ.















