ന്യൂഡൽഹി: മുസ്ലീംലീഗിന്റെ വിചാരധാരകളും പ്രത്യയശാസ്ത്രവും നിറഞ്ഞതാണ് കോൺഗ്രസിന്റെ പ്രകടന പത്രികയെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവശേഷിക്കുന്ന ഭാഗം ഇടതുപക്ഷത്തിന്റെ നിലപാടുകളാണ്. രാഷ്‌ട്രനിർമാണത്തിനുള്ള നിർദേശങ്ങളൊന്നും തന്നെ ഇല്ലാത്ത പ്രകടന പത്രികയുമായി കോൺഗ്രസ് ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ലെന്നും നരേന്ദ്രമോദി വിമർശിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. പാർട്ടി ആസ്ഥാനത്ത് വച്ച് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയയും രാഹുലും ചേർന്ന് പത്രിക പുറത്തിറക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉത്തർപ്രദേശിലെ സഹരാൻപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോൾ മോദി കടുത്ത വിമർശനമുന്നയിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ കോൺഗ്രസ്, പതിറ്റാണ്ടുകൾക്ക് മുമ്പേ ഇല്ലാതായിരിക്കുന്നു. ഇന്നത്തെ ഭാരതത്തിന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പൂർണമായും തള്ളിക്കളയുന്ന പ്രകടന പത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. സ്വാതന്ത്ര്യസമര കാലത്ത് മുസ്ലീം ലീഗിന് ഇണ്ടായിരുന്ന ചിന്താധാരകളാണ് കോൺഗ്രസിന്റെ പത്രികയിൽ ഒട്ടുമിക്ക ഭാഗത്തും പ്രതിഫലിക്കുന്നത്. ശേഷിക്കുന്ന ഭാഗത്തെല്ലാം ഇടതുപക്ഷ നിലപാടുകളുടെ ആധിപത്യവുമാണ്. ഇങ്ങനെയുള്ള കോൺഗ്രസിന് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ മുന്നോട്ട് നയിക്കാനാകില്ലെന്നും മോദി കുറ്റപ്പെടുത്തി.
ബ്രിട്ടീഷ് ഇന്ത്യയെ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത് മുസ്ലീം ലീഗും മുഹമ്മദാലി ജിന്നയുമായിരുന്നു. 1947ൽ പാകിസ്താന്റെ ഉദയത്തിന് ശേഷം അവിടുത്തെ പ്രബലമായ രാഷ്‌ട്രീയ പാർട്ടിയായി മുസ്ലീം ലീഗ് മാറുകയും ചെയ്തു. ഈ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ പ്രകടന പത്രികയെ മുസ്ലീം ലീഗിന്റെ ചിന്താധാരയോട് മോദി താരതമ്യം ചെയ്തത്.















