ലക്‌നൗ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനും ഭാരതത്തിലെ ജനങ്ങൾക്കും എൻഡിഎ സർക്കാർ പുതിയ മിഷനുകൾ നടപ്പിലാക്കുമ്പോൾ, അധികാരത്തിലേറിയാൽ എങ്ങനെ കമ്മീഷൻ സമ്പാദിക്കാമെന്നാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ഉത്തർപ്രദേശിലെ സഹരാൻപൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ബിജെപിക്കെതിരെ പോരാടുകയെന്നതാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം. അവർ വിജയിച്ചില്ലെങ്കിലും ബിജെപിക്ക് 370 സീറ്റുകൾ ലഭിക്കരുതെന്നാണ് ഇൻഡി സഖ്യത്തിന്റെ ഉദ്ദേശ്യം. എന്നാൽ അവരുടെ പ്രയത്‌നങ്ങൾ പരാജപ്പെടുമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. അധികാരത്തിലേറിയാൽ കമ്മീഷനുകൾ എങ്ങനെയൊക്കെ സമ്പാദിക്കാമെന്നായിരിക്കും ഇൻഡി സഖ്യം ലക്ഷ്യം വയ്‌ക്കുന്നത്. ബിജെപി ജനങ്ങളെ സേവിക്കുമ്പോൾ ഇൻഡി സഖ്യം കൊള്ളയടിക്കാൻ ശ്രമിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളെ മാറ്റി മാറ്റി കളിക്കുമ്പോൾ കോൺഗ്രസിന് ആരെയാണ് സ്ഥാനാർത്ഥിയായി നിർത്തേണ്ടതെന്ന് പോലും നിശ്ചയമില്ല. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ ഒരു സ്ഥാനാർത്ഥിയെ നിർത്താനുള്ള ധൈര്യം പോലും ഇന്ന് കോൺഗ്രസിന് ഇല്ലാതായിരിക്കുന്നു. കോൺഗ്രസ് അടക്കി ഭരിച്ചിരുന്ന മണ്ഡലങ്ങൾ പോലും അവരിൽ നിന്നും പിടിവിട്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്ഥിരത ഇല്ലാത്ത ഒരു പാർട്ടിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും പ്രധാനമന്ത്രി ചോദിച്ചു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വികസിത ഭാരതത്തെ പടുത്തുയർത്താനുള്ളതാണെന്നും കമ്മീഷനുകൾ അടിച്ചുമാറ്റാൻ ശ്രമിക്കുന്നവരെ ജനം അകറ്റി നിർത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















