ജയ്പൂർ: കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിൽ ഒരു കൂട്ടം നുണകൾ മാത്രമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസ് നേതാക്കൾ പാഴ് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. രാജസ്ഥാനിലെ അജ്മീറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നുന അദ്ദേഹം.
”കഴിഞ്ഞ ദിവസം കോൺഗ്രസ് ആസ്ഥാനത്ത് വച്ച് മല്ലികാർജുൻ ഗാർഖെ, സോണിയ, രാഹുൽ തുടങ്ങിയ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ഒരു കൂട്ടം നുണകൾ മാത്രമാണത്. പ്രകടനപത്രികയുടെ ഓരോ താളിലും ഭാരതത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ പ്രതിധ്വനിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ശിഥിലമാക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് പുറത്തിറക്കിയത്. രാജ്യത്തെ കഷ്ണം, കഷ്ണമാക്കി വിഭജിക്കുകയെന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇത്തരം ചിന്താഗതിയുള്ള പാർട്ടിയുടെ നയങ്ങൾക്ക് രാജ്യം കൂട്ടുനിൽക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസിന് സ്വന്തമായ നയങ്ങളോ അഭിപ്രായങ്ങളോ ഇല്ലെന്ന് ജനങ്ങൾക്ക് വ്യക്തമായിരിക്കുന്നു. ഇത്തരത്തിലൊരു പാർട്ടിക്ക് രാജ്യത്തെ ജനങ്ങളുടെ താത്പര്യപ്രകാരം പ്രവർത്തിക്കാൻ സാധിക്കുമോയെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു സദസിൽ ഇരുന്ന ജനങ്ങളുടെ പ്രതികരണം. ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന കോൺഗ്രിസിന്റെ ചിന്താഗതി ലീഗിനോട് ചേർന്നുള്ള ആശയധാരകളാണെന്നും ജനങ്ങൾ ഇതിനെ വോട്ടിലൂടെ നേരിടണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















