ഭാര്യയെ കൊലപ്പെടുത്തി 200-ലധികം കഷ്ണങ്ങളാക്കി പുഴയിൽ തള്ളി 28-കാരൻ. യുകെയിലാണ് മനുഷ്യ മനസാക്ഷി മരവിക്കുന്ന സംഭവം നടന്നത്. നിക്കോളാസ് മെറ്റ്സൺ ആണ് 26-കാരിയായ ഭാര്യ ഹോളി ബ്രാംലിയെ കൊലപ്പെടുത്തിയത്. ആഴ്ചകൾ നീണ്ട തിരച്ചിലിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഇയാൾ കുറ്റം സമ്മതിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
കിടപ്പുമുറിയിൽ വച്ചാണ് ഭാര്യയെ പലതവണ കുത്തിയതെന്നും കുളിമുറി വച്ച് മൃതദേഹം കഷ്ണങ്ങളാക്കിയെന്നും മെറ്റ്സൺ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. തുടർന്ന് പ്ലാസ്റ്റിക് ബാഗുകളിലാക്കി, മഞ്ഞുകാലത്ത് മത്സ്യ മാസാംദികൾ സംഭരിക്കുന്ന മുറിയിൽ സൂക്ഷിച്ചെന്നും 28-കാരൻ പറഞ്ഞു.
ഒരാഴ്ചയോളം മെറ്റ്സൺ ഭാര്യയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. പോലീസ് സംഘം അന്വേഷണത്തിന് എത്തുന്നുവെന്നറിഞ്ഞതോടെ ഇയാൾ 50 പൗണ്ട് പണം നൽകി സുഹൃത്തിന്റെ സഹായത്തോടെ പുഴയിൽ ഒഴുക്കുകയായിരുന്നു, പിറ്റേ ദിവസം വെള്ളത്തിൽ ബാഗ് പൊങ്ങി കിടക്കുന്നത് കണ്ട പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് പോലീസിനെ വിവരം അറിയിച്ചത്.
ഒരു ബാഗിൽ മനുഷ്യ കൈയും മറ്റൊന്നിൽ തലയുമായിരുന്നു. തലമുടി നീക്കിയ നിലയിലായിരുന്നു തല. തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് വെട്ടി കൊലപ്പെടുത്തിയത്. ഇതുവരെ 224 ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങൾ ഇനിയും കണ്ടെത്താനുണ്ടെന്നാണ് മുങ്ങൽ വിദഗ്ധർ പറയുന്നത്.
ഒന്നര വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം ബ്രാംലിയെ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ലെന്നും തടങ്കലിൽ പാർപ്പിച്ചിരുന്നുവെന്നും ബ്രാംലിയുടെ മാതാവ് ആരോപിക്കുന്നു. കൊടും ക്രൂരതകളാണ് മെറ്റ്സൺ നടത്തിയിരുന്നത്.
വളർത്തു മുയലിനെ മൈക്രോവേവ് ഓവനിലും ഫുഡ് ബ്ലെൻഡറിലും അകപ്പെടുത്തി കൊലപ്പെടുത്തിയതിന് പിന്നാലെ ബ്രാംലി പോലീസിനെ സമീപിച്ചിരുന്നു. നായ്ക്കുട്ടിയെ വാഷിംഗ് മെഷീനിൽ ഇട്ടു. മെഷീനിനുള്ളിൽ ചത്ത മൃഗം കറങ്ങുന്നത് കണ്ട് അയാൾ ആനന്ദം കണ്ടിരുന്നുവെന്നും അമ്മ പറഞ്ഞു.