കണ്ണൂർ: പാർട്ടിക്ക് വേണ്ടി ബോംബുണ്ടാക്കുന്നതിനിടെ മരിക്കുന്നവരെ രക്തസാക്ഷികളാക്കുകയാണ് സിപിഎമ്മെന്ന് വത്സൻ തില്ലങ്കേരി. കഴിഞ്ഞ ദിവസം ബോംബ് നിർമാണത്തിനിടെ പാനൂരിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു വത്സൻ തില്ലങ്കേരി. പാർട്ടിക്ക് ഇവരുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് സംസ്കാര ചടങ്ങിലുൾപ്പെടെ സിപിഎം നേതാക്കൾ പങ്കെടുത്തത്.
തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് മാത്രമാണ് ഇവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം പറയുന്നതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് നടന്നതുകൊണ്ട് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ബന്ധമില്ലെന്ന് അവർ പറയുന്നത്. പാർട്ടിയുടെ നേതാക്കൻമാർ അവിടെ പോയത് തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഞങ്ങൾ ഇതൊക്കെ പറയുമെന്നും ഇലക്ഷൻ കഴിഞ്ഞാൽ കിട്ടേണ്ട സഹായങ്ങളൊക്കെ പാർട്ടി എത്തിക്കുമെന്നും പറയാൻ വേണ്ടിയാണ്. അല്ലാതെ പാർട്ടി ഒരിക്കലും തളളിപ്പറയില്ല. ബന്ധമില്ലെന്ന് അവർക്ക് പറയാനാകില്ലെന്നും വാർത്തയോട് പ്രതികരിക്കവേ ജനം ടിവിയോട് വത്സൻ തില്ലങ്കേരി പറഞ്ഞു.
ഇതിന് മുൻപ് ഇതേപോലെ നിരവധി സ്ഫോടനങ്ങളിൽ പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടവരുടെ വീടുകളിലും സിപിഎം നേതാക്കൾ എത്തി അവർക്ക് രക്തസാക്ഷി പരിവേഷം നൽകിയിട്ടുണ്ട്. കതിരൂരിൽ പുല്ലിയോട് എന്ന സ്ഥലത്ത് ഇതേ രീതിയിൽ കൊല്ലപ്പെട്ടവരുടെ ചരമവാർഷികദിനം രക്തസാക്ഷിത്വ ദിനമായി പാർട്ടി ഔദ്യോഗികമായി ആചരിച്ചു വരുന്നുണ്ടെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.
പാർട്ടിക്ക് സെൽഫ് ഡിഫൻസ് (എസ്ഡി) എന്ന പ്രതിരോധ സേനയുണ്ട്. പി ജയരാജന്റെ നേതൃത്വത്തിലുളള അവരാണ് ബോംബ് നിർമാണവും സംഭരണവും ഒക്കെ നടത്തുന്നത്. എസ്ഡി സേനയിലെ സജീവ അംഗങ്ങളാണ് ഷെറിനും മറ്റും. വർഷങ്ങളായി യാതൊരു സംഘർഷവുമില്ലാത്ത സാഹചര്യത്തിൽ ബോംബ് നിർമാണം എന്തിനാണ് നടത്തിയതെന്നാണ് സിപിഎം വിശദീകരിക്കേണ്ടതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.