കണ്ണൂർ: പാനൂർ സ്‌ഫോടനക്കേസിൽ ഉൾപ്പെട്ടവരുടെ രാഷ്‌ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ. കെ ശൈലജ. പാർട്ടിയേതെന്ന് നോക്കാതെ വെറും ക്രിമിനലുകളായി കണ്ടാൽ മതിയെന്നും ശൈലജ പറഞ്ഞു. സ്‌ഫോടനത്തിൽ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശൈലജ പറഞ്ഞു.
” എതിർ സ്ഥാനാർത്ഥികൾ പറയുന്നതു പോലെ ഇവിടെ ഒരു അക്രമ രാഷ്‌ട്രീയവും നടക്കുന്നില്ല. ഈ അടുത്തകാലത്ത് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോ? പരാജയ ഭീതി കാരണം എന്തെങ്കിലും പ്രതിഷേധങ്ങൾ നടത്തണമെന്നാണ് എതിർ പാർട്ടികളുടെ ഉദ്ദേശം. ബോംബ് സ്‌ഫോടനത്തെ ഞങ്ങൾ ന്യായീകരിക്കുന്നില്ല. എന്നാൽ മരിച്ച വ്യക്തിയെയും പരിക്കേറ്റ വ്യക്തിയെയും പാർട്ടി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഇവരുടെ രാഷ്‌ട്രീയ പശ്ചാത്തലം എന്താണെന്ന് നോക്കേണ്ട കാര്യമില്ല.”- കെ. കെ ശൈലജ പറഞ്ഞു.
സ്‌ഫോടനത്തിൽ മരിച്ചെങ്കിലും അവിടെയുള്ള വ്യക്തികൾ മരണപ്പെട്ടവരുടെ വീട്ടിൽ പോകും. ഷെറിന്റെ വീട്ടിൽ സിപിഎം പ്രവർത്തകർ പോയതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. സംഭവത്തിൽ പാർട്ടിയുമായി യാതൊരു ബന്ധമില്ലെന്നും സംഭവത്തെ വളച്ചൊടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് ശൈലജയുടെ വാദം.
സ്‌ഫോടനക്കേസിലെ പ്രതിയുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിൽ ന്യായീകരണവുമായി മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. മനുഷ്യത്വം കൊണ്ടാണ് മരിച്ച വ്യക്തിയുടെ വീട്ടിൽ പ്രവർത്തകർ പോയതെന്നും അതിൽ എന്താണ് തെറ്റെന്നുമാണ് മുതിർന്ന നേതാക്കളുടെ വിചിത്ര വാദം.















