ചെരുപ്പിലെ ലോ​ഗോ ഇസ്ലാമിനെതിര്; എയറിലായി മലേഷ്യൻ നിർമാണ കമ്പനി, മാപ്പ് പറഞ്ഞ് ചെരുപ്പ് പിൻവലിച്ചു

Published by
Janam Web Desk

ക്വാലാലംപൂർ: ചെരുപ്പിൽ രേഖപ്പെടുത്തിയ അറബിക് ലോ​ഗോ ഇസ്ലാമിനെതിരാണെന്ന വാദം ഉയർന്നതോടെ അവതാളത്തിലായി കമ്പനി. മലേഷ്യൽ ഷൂ നിർമാണ കമ്പനിയാണ് ലോ​ഗോ വിവാദമായതോടെ പെട്ടുപോയത്. ദൈവം എന്ന് അർത്ഥം വരുന്ന അറബിക് പദത്തോട് ചേർന്ന് നിൽക്കുന്നതാണ് ലോ​ഗോയെന്നും ഇത് ഇസ്ലാം മതവിശ്വാസികളെ അവഹേളിക്കുന്നതാണെന്നുമായിരുന്നു വിവാദം. തുടർന്ന് പ്രതിഷേധങ്ങളെയും അക്രമങ്ങളെയും ഭയന്ന് മാപ്പ് പറഞ്ഞ കമ്പനി, മാർക്കറ്റിൽ നിന്ന് ചെരുപ്പ് പിൻവലിച്ചു.

പുതിയതായി വിതരണത്തിനെത്തിച്ച ഹൈ-ഹീൽസ് ചെരുപ്പിലെ ലോ​ഗോ ആയിരുന്നു പ്രശ്നമായത്. ഏതെങ്കിലുമൊരു മതവിശ്വാസത്തെ മുറിപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നില്ലെന്ന് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ചെരുപ്പ് മാർക്കറ്റിൽ നിന്ന് പിൻവലിക്കുന്നതിനൊപ്പം നേരത്തെ ചെരുപ്പ് വാങ്ങിയവർക്ക് റീ-ഫണ്ട് നൽകാനാണ് കമ്പനിയുടെ തീരുമാനം.

കഴിഞ്ഞ മാസം മലേഷ്യയിൽ മറ്റൊരു കമ്പനി നിർമിച്ച സോക്സിൽ അള്ളാഹുവെന്ന് രേഖപ്പെടുത്തിയത് വലിയ വിവാ​ദമായിരുന്നു. തുടർന്ന് സോക്സ് വിതരണത്തിന് എത്തിച്ച കെ.കെ മാർട്ടിനെതിരെ പോലീസ് കേസെടുത്തു. ചില ഷോപ്പുകൾക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വിവാദമുണ്ടായപ്പോൾ ഉടൻ ചെരുപ്പ് പിൻവലിക്കാൻ മലേഷ്യൻ ഷൂ നിർമാണ കമ്പനി നിർബന്ധിതരായത്.

Share
Leave a Comment