ചെപ്പോക്കിൽ കൊൽക്കത്തയെ നിലംപരിശാക്കി വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിംഗ്സ്. 14 പന്ത് ബാക്കി നിൽക്കെ മുന്നു വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം ചെന്നൈ സൂപ്പർ കിംഗ്സ് മറികടന്നത്. നായകൻ ഋതുരാജ് ഗെയ്ക്വാദ് നയിച്ച ബാറ്റിംഗ് നിര സി.എസ്.കെയെ അനായാസം വിജയത്തിലെത്തിച്ചു. സീസണിലെ ചെന്നൈയുടെ മൂന്നാം ജയമായിരുന്നു.
കൊൽക്കത്ത ബൗളർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മൂന്നാം ഓവറിൽ 15 റൺസെടുത്ത രചിൻ രവീന്ദ്ര വീഴത്തിയതു മാത്രമാണ് അവർക്ക് സന്തോഷിക്കാനുള്ള വക നൽകിയത്. 58 പന്തിൽ 67 റൺസെടുത്ത ഋതുരാജ് ക്രീസിൽ ഉറച്ചു നിന്നതോടെ ചെന്നൈ സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചു.
19 പന്തിൽ 25 റൺസുമായി ഡാരിൽ മിച്ചൽ ക്യാപ്റ്റൻ നിർണായക പിന്തുണ നൽകി. കൂറ്റൻ സിക്സറുകളിലൂടെ വിജയം വേഗത്തിലാക്കിയ ദുബെ 18 പന്തിൽ 28 റൺസടിച്ചു. ജയത്തിനരികെ വീണെങ്കിലും പിന്നീട് ക്രീസിലെത്തിയ ധോണിയും ഋതുരാജും ചേർന്ന് ചെന്നൈയെ മൂന്നാം വിജയത്തിലേക്ക് നയിച്ചു. വൈഭവ് അറോരയ്‌ക്ക് രണ്ടും നരെയ്ന് ഒരു വിക്കറ്റും ലഭിച്ചു.