തൃശൂർ: കെ. കരുണാകരനെ സോണിയാ ഗാന്ധി അധിക്ഷേപിച്ചെന്ന് തുറന്നു പറഞ്ഞ് പദ്മജ വേണുഗോപാൽ. പിതാവ് നാലഞ്ച് തവണ ഡൽഹിയിൽ പോയെങ്കിലും സോണിയ ഗാന്ധി കാണാൻ പോലും അവസരം കൊടുത്തില്ല. ആ അച്ഛൻ മടങ്ങി വന്നപ്പോൾ അദ്ദേഹത്തിന്റെ സങ്കടം കണ്ട ഒരേയൊരാൾ താനാണെന്നും ഒരു കേൺഗ്രസുകാരനും ആ സങ്കടം കണ്ടില്ലെന്നും പദ്മജ പറഞ്ഞു.
അദ്ദേഹം തിരികെ വന്ന് ഡിഐസി പാർട്ടിയുണ്ടാക്കി. അദ്ദേഹം ഏറ്റവുമധികം എതിർത്തിരുന്ന മാർക്സിസ്റ്റ് പാർട്ടിക്ക് തന്നെ കൈ കൊടുത്തു. അന്ന് ആർക്കുമൊരു പരാതി ഉണ്ടായിരുന്നില്ലല്ലോയെന്നും അവർ ചോദിച്ചു. കഴിവില്ലാത്തവളായ പത്മജ പാർട്ടി വിട്ടെന്ന് പറഞ്ഞ് ചീത്ത പറഞ്ഞ് എന്തിനാണ് സമയം കളയുന്നത്. കോൺഗ്രസിലിരുന്നപ്പോൾ കേട്ട ചീത്തയൊന്നും താൻ ഇനി കേൾക്കില്ലെന്നും അവർ പറഞ്ഞു.
അച്ഛൻ മരിച്ചിട്ട് 14 വർഷമായി. അതിന് ശേഷം അനുഭവിച്ച അപമാനത്തിന് കയ്യും കണക്കുമില്ല. ഇതെല്ലാം ഒറ്റ ദിവസം കൊണ്ടുണ്ടായതല്ല. ഈ മാറ്റം അച്ഛനും കൂടി വേണ്ടിയുള്ളതാണ്. സ്ത്രീകൾക്ക് ബഹുമാനം കൊടുക്കുന്ന പാർട്ടിയാണ് ബിജെപി. കോൺഗ്രസ് വിട്ടതിനെ കുറിച്ച് ആര് എന്ത് പറഞ്ഞാലും തനിക്കൊരു പേടിയില്ലെന്നും കേൾക്കാനും ഉദ്ദേശിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അച്ഛനോട് കാണിച്ചതൊക്കെ നാട്ടുകാരോട് മുഴുവൻ വിളിച്ച് പറയും. പല കാര്യങ്ങളും തെളിവോട് കൂടിയാണ് എന്റെ കയ്യിലുള്ളത്. പക്ഷേ ഞാൻ അത് ചെയ്യാത്തത് എന്റെ മാന്യതയാണ്. അത്രയും വേദനയോട് കൂടി നിൽക്കുന്ന തന്നെ ചൊറിയാൻ നിൽക്കരുതെന്നും അവർ പറഞ്ഞു.
തൃശൂരിൽ 30-ഓളം കോൺഗ്രസ്, യൂത്ത് കേൺഗ്രസ് പ്രവർത്തകരും ബിജെപിയിൽ ചേർന്നു. മുരളീ മന്ദിരത്തിൽ കരുണാകരന്റെ സ്മൃതി മണ്ഡപത്തോട് ചേർന്നുള്ള വേദിയിൽ പദ്മജ വേണുഗോപാലാണ് അംഗത്വം നൽകിയത്.
തൃശൂർ നിയോജ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മനു പള്ളത്ത്, അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ തുടങ്ങി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ബിജെപിയിലെത്തിയത്. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.















