ആലപ്പുഴ: സിപിഎം പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ആലപ്പുഴയിൽ വീണ്ടും തൊഴിൽ നിഷേധം. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചത്. സംഭവത്തിന് പിന്നാലെ തൊഴിലാളികൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
തൊഴിലുറപ്പ് ലേബർ മീറ്റിംഗ് എന്ന പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പരിപാടി. തൊഴിലുറപ്പ് മേറ്റായ ആശ സുരേഷിന്റെ വീട്ടിൽ ഞായറാഴ്ചയായിരുന്നു സിപിഎം സംഘടിപ്പിച്ച പരിപാടി നടന്നത്. ഇതിൽ പങ്കെടുക്കാത്തവർ ഇന്ന് ജോലിക്ക് എത്തേണ്ടയെന്നായിരുന്നു അറിയിപ്പ്. മസ്റ്റോളിൽ പേരുണ്ടായിരുന്നിട്ടും പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ മാത്രം പത്ത് പേർക്കാണ് തൊഴിൽ നിഷേധിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമാവുകയാണ്.