ആഭ്യന്തര ക്രിക്കറ്റിലെ തങ്ങളുടെ കരുത്ത്, ഐപിഎല്ലിലും ഫ്രാഞ്ചൈസികൾക്കായി തെളിയിക്കുകയാണ് യുവതാരങ്ങൾ. മായങ്ക് യാദവ്, അംഗ്ക്രിഷ് രഘുവൻഷി, ശശാങ്ക് സിംഗ് മുതലായ താരങ്ങൾ ഐപിഎല്ലിൽ തങ്ങുടെ വരവ് ഇതിനോടകം അറിയിച്ചു കഴിഞ്ഞു. ഈ കൂട്ടത്തിലേക്ക് തന്റെ പേര് കൂടി എഴുതി ചേർക്കുകയാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള 20-കാരൻ നിതീഷ് റെഡ്ഡി. പഞ്ചാബ് കിംഗിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ രക്ഷകനായെത്തിയത് നിതീഷ് റെഡ്ഡിയായിരുന്നു.
ബാറ്റിംഗ് ഓൾറൗണ്ടറായ താരത്തെ ലേലത്തിൽ 20 ലക്ഷത്തിനാണ് സൺറൈസേഴ്‌സ് ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രയ്‌ക്ക് വേണ്ടി കളിക്കുന്ന താരം ഇതുവരെ 17 മത്സരങ്ങളിൽ പാഡണിഞ്ഞു. 22 ലിസ്റ്റ് എ മത്സരങ്ങളിലും ആന്ധ്രയെ പ്രതിനിധീകരിച്ചിട്ടുണ്ട്. പഞ്ചാബിനെതിരായുള്ളത് നിതീഷിന്റെ രണ്ടാം ഐപിഎൽ മത്സരമായിരുന്നു. കഗീസോ റബാദ, അർഷ്ദീപ് സിംഗ്, സാം കറൻ, ഹർഷൽ പട്ടേൽ എന്നിവരടങ്ങിയ പഞ്ചാബിന്റെ കരുത്തരായ ബൗളിംഗ് നിര, താരത്തിന്റെ ബാറ്റിംഗിന് മുന്നിൽ പതറുന്ന കാഴ്ചയായിരുന്നു സ്‌റ്റേഡിയത്തിൽ കണ്ടത്. 37 പന്തിൽ നിന്ന് 64 റൺസെടുത്ത താരം, ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു. ഹൈദരാബാദിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതും നിതീഷ് റെഡ്ഡിയായിരുന്നു. ഒരു വിക്കറ്റും വീഴ്‌ത്തിയ നീതിഷ് തന്നെയായിരുന്നു കളിയിലെ താരവും.
‘ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ക്രിക്കറ്റിലേക്ക് വന്ന വ്യക്തിയാണ് നിതീഷ് റെഡി. മകന്റെ കരിയറിനായി അവന്റെ അച്ഛൻ ജോലി ഉപേക്ഷിച്ചു. അവനെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചതും അദ്ദേഹമാണ്. അവന്റെ കഠിനാധ്വാനം ഫലം കണ്ടു. 17 വയസുള്ളപ്പോഴാണ് ഞാൻ അവനെ കാണുന്നത്. ഒരു ക്രിക്കറ്ററായുള്ള അവന്റെ വളർച്ചയിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഭാവിയിൽ സൺറൈസേഴ്‌സിനും ഇന്ത്യയ്‌ക്കും നീതിഷ് ഒരു മുതൽക്കൂട്ടായിരിക്കും.’ ഇന്ത്യൻ താരം ഹനുമ വിഹാരി എക്‌സിൽ കുറിച്ചു.















