മിനി താരലേലത്തിൽ ഹാർദിക്കിനെ ടീമിലെത്തിച്ചാണ് മുംബൈ രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. നടപടിയിൽ ആരാധക രോഷം ഇതുവരെ തണുത്തിട്ടില്ല. മുൻ താരങ്ങളടക്കം നിരവധിപേർ രോഹിത് മുംബൈ വിടണമെന്ന് പറഞ്ഞു രംഗത്തുവന്നിരുന്നു. ആരാധകരും ഇതേ നിലപാട് സ്വീകരിച്ചെങ്കിലും ഈ സീസണിൽ മുംബൈക്കൊപ്പം തുടരാനാണ് രോഹിത് തീരുമാനിച്ചത്.
ഡിസംബറിൽ മെഗാലേലം നടക്കാനിരിക്കെ രോഹിത് ശർമ്മ മുംബൈ വിടുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. താരത്തെ ടീമിലെത്തിക്കാനുള്ള താത്പ്പര്യം ജസ്റ്റിൻ ലാംഗർ പ്രകടിപ്പിക്കുകയും ചെയ്തു. ഈ മാസം മെഗാ ലേലത്തെക്കുറിച്ചുള്ള ചർച്ചകൾ നടത്താൻ ഐപിഎൽ ടീമുകളുമായി ബിസിസിഐ മീറ്റിംഗ് നടത്തും. നേരത്തെ രോഹിത്തിനെ സ്വന്തമാക്കാൻ എൽ.എസ്.ജി നീക്കം നടത്തിയിരുന്നു.
നിലവിൽ നാലു താരങ്ങളെ നിലനിർത്തുകയും ഒരാളെ റൈറ്റു മാച്ച് കാർഡ് വഴി ടീമിലെത്തിക്കാനുമാകും. ഈ നിബന്ധനകളിലടക്കം മാറ്റം വരുത്തുന്നതിന് വേണ്ടിയുള്ള ചർച്ചകളാണ് നടത്തുന്നത്. നാലുപേരെ നിലർത്തി നാലുപേരെ ആർടി കാർഡു വഴി ടീമിലെത്തിക്കാനും അനുവദിക്കണമെന്നാണ് ടീമുകളുടെ ആവശ്യം.