സൗമ്യനും അതിലേറെ സ്നേഹസമ്പന്നനുമായ വ്യക്തിത്വം; ഗാന്ധിമതി ബാലന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

Published by
Janam Web Desk

നിർമാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. സൗമ്യനും അതിലേറെ സ്നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് മലയാള സിനിമയ്‌ക്ക് നഷ്ടമായതെന്നും മോഹൻലാൽ കുറിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം കുറിപ്പ് പങ്കുവച്ചത്.

‘പ്രിയപ്പെട്ട ഗാന്ധിമതി ബാലൻ ഓർമ്മയായി. തൂവാനത്തുമ്പികൾ അടക്കം ഒട്ടേറെ ക്ലാസിക്കുകൾ മലയാളത്തിന് സമ്മാനിച്ച എന്റെ പ്രിയ സഹോദരൻ. മലയാളം നെഞ്ചോടുചേർത്ത എത്രയെത്ര ചിത്രങ്ങൾക്കുപിന്നിൽ അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും ആദ്യാവസാന സാന്നിധ്യവും ഉണ്ടായിരുന്നു. സൗമ്യനും അതിലേറെ സ്നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് വ്യക്തിപരമായി എനിക്കും മലയാളസിനിമക്കും നഷ്ടമായിരിക്കുന്നത്. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.’- മോഹൻലാൽ കുറിച്ചു.

പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പത്താമുദയം തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ നിർമാതാവായിരുന്നു ഗാന്ധിമതി ബാലൻ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. പത്മരാജൻ സിനിമകളിലൂടെയാണ് ബാലൻ മലയാളികൾക്കിടയിൽ ശ്രദ്ധേയനായത്. ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തതും പത്മരാജനൊപ്പമായിരുന്നു.

Share
Leave a Comment