പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന കുടുംബ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഫാമിലി എന്റർടെയ്ൻമെന്റ് ചിത്രമാണെന്ന സൂചന കൂടി കിട്ടിയതോടെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ദുബായിൽ നടന്ന ലോഞ്ച് ഇവന്റിലാണ് ട്രെയിലർ റിലീസ് ചെയ്തത്. പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു.
ചിരിപ്പൂരമായിരിക്കും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ തീർക്കുക എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ട്രെയിലർ പുറത്തുവരുന്ന വിവരം പൃഥ്വിരാജ് ഇന്നലെ അറിയിച്ചിരുന്നു. ഒരു വിവാഹം നടത്തുന്നതിനിടെ ഉണ്ടാകുന്ന കോലാഹലമാണ് ചിത്രത്തിന്റെ പ്രമേയം. ഈ മാസം 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ് ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.