സംവിധായകൻ നിതീഷ് തിവാരിയും രൺബീർ കപൂറും ഒരുമിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് രാമായണ. രൺബിർ കപൂറും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ അടുത്താണ് ആരംഭിച്ചത്. ചിത്രത്തിൽ രാവണനായി വേഷമിടുന്ന കന്നട താരം യാഷ് സഹനിർമാതാവാകുന്നുവെന്ന വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്.
യാഷിന് പ്രതിഫലമായി 80 കോടിരൂപയാണ് നൽകുന്നതെന്നാണ് ആദ്യം പുറത്ത് വന്ന വാർത്ത. ഈ പ്രതിഫലം നിരസിച്ചുകൊണ്ടാണ് സഹ നിർമ്മാതാവായി അദ്ദേഹം എത്തുന്നത്. ചിത്രത്തിൽ രൺബീർ, സായ് പല്ലവി തുടങ്ങി നിരവധി പേർക്കൊപ്പം യാഷും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എൻഇജി വെർച്വൽ പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്. മൂന്ന് ഭാഗമായിട്ടായിരിക്കും ചിത്രം നിർമിക്കുക. വിഎഫ്എക്സിൽ ഓസ്‌കർ നേടിയ ഡിഎൻഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തിൽ രാവണനാണ് പ്രാധാന്യം നൽകുന്നത്.















