തിരുവനന്തപുരം: കേരളാ സ്റ്റോറി സിനിമാ പ്രദർശനത്തിൽ വിവാദങ്ങൾ എത്രമാത്രം ഉണ്ടായാലും സഭ ജാഗ്രതയും ബോധവത്കരണവും തുടരുമെന്ന് സീറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര. സിനിമ പ്രദർശിപ്പിക്കുന്നതിൽ യാതൊരു വിധത്തിലുള്ള രാഷ്‌ട്രീയ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി രൂപത വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിലാണ് പ്രണയക്കെണിയെക്കുറിച്ച് ബോധവൽക്കരണം നൽകാൻ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചത്. സമ്മർ ക്യാമ്പിന്റെ വേളയിൽ തെരഞ്ഞെടുപ്പും എത്തിയെന്നത് യാദൃശ്ചികം മാത്രമാണെന്ന് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.
ഈ പശ്ചാത്തലത്തിൽ സിനിമ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതിന് ചതിക്കുഴികളിൽ വീഴാതിരിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. പ്രത്യേക മത-രാഷ്‌ട്രീയ വിഭാഗങ്ങളെ ലക്ഷ്യം വച്ചല്ല ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. ഒരു പ്രത്യേക മത വിഭാഗത്തെ ഭീകരവാദികൾ എന്ന് കാണപ്പെടുന്ന കാഴ്ചപ്പാടല്ല സഭയ്‌ക്കുള്ളത്. ഒന്നോ രണ്ടോ പെൺകുട്ടികളെങ്കിലും ഭീകരവാദ പ്രവർത്തനങ്ങളിൽ അകപ്പെട്ടുവെങ്കിൽ ഇതിൽ നിന്നും പുറത്തു കടക്കുന്നതിനായി ബോധവത്കരണം നടത്തേണ്ടതുണ്ട്. ഇനിയും ഇത്തരം ബോധവത്കരണവുമായി മുന്നോട്ട് പോകാനാണ് സഭയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യമായി ജാഗ്രത പാലിച്ചാകും മുന്നോട്ട് പോകുക. സഭയ്‌ക്ക് ജാഗ്രതാ കമ്മീഷൻ എന്ന സംവിധാനമുണ്ട്. യാതൊരു വിവാദങ്ങളും ഇതിന്റെ ഭാഗമായി ഉയർന്ന് വരേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















