തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നേരിടുന്ന കുറ്റിച്ചൽ പഞ്ചായത്തിലെ ക്ലർക്ക് മരിച്ച നിലയിൽ. വെള്ളനാട് സ്വദേശി സുനിൽ കുമാറാണ് മരിച്ചത്. വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് കേസിലെ പ്രതിയാണ് ഇയാൾ.
കൊറോണ കാലത്ത് വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ക്ലർക്കായിരുന്നു സുനിൽ കുമാർ. ഉറിയാക്കോട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഡിഎൽസി നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേട് നടന്നതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടന്നിരുന്നു. ഈ കേസിലെ അഞ്ചാം പ്രതിയാണ് സുനിൽ.
ഡിഎൽസി കേസിൽ നിരപരാധിയാണെന്ന് സുനിൽ നിരവധി തവണ വിജിലൻസിനോട് പറഞ്ഞിരുന്നു. രാഷ്‌ട്രീയക്കാർ തന്നെ കുടുക്കിയതാണെന്നും സുനിൽ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം വാദങ്ങൾ പരിഗണിച്ചില്ല. ഇതേ തുടർന്ന് വലിയ മാനസിക സമർദ്ദത്തിലായിരുന്നു സുനിലെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.