ന്യൂഡൽഹി: ഉടൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ടെസ്ല മേധാവി ഇലോൺ മസ്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുന്നുവെന്നാണ് മസ്ക് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തത്. എന്നാൽ എപ്പോൾ, ഏത് സമയത്ത് ഇന്ത്യ സന്ദർശിക്കും എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മസ്ക് വ്യക്തമാക്കിയിട്ടില്ല.
മസ്ക് ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്നും, രാജ്യത്ത് പുതിയ ഫാക്ടറി തുടങ്ങാനുള്ള പദ്ധതിയെക്കുറിച്ച് ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏകദേശം 2 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമായ ഒരു നിർമ്മാണ പ്ലാന്റ് ആണ് വരുന്നതെന്നും, ഇതിനായി സൈറ്റുകൾ പരിശോധിക്കാൻ ടെസ്ല ഉദ്യോഗസ്ഥരുടെ സംഘം ഈ മാസത്തോടെ ഇന്ത്യയിലെത്തുമെന്നും ഇതിൽ പറയുന്നു.
കഴിഞ്ഞ വർഷം ജൂണിൽ യുഎസ് സന്ദർശനവേളയിൽ പ്രധാനമന്ത്രിയുമായി മസ്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ മോദിയുടെ ഒരു ആരാധകനാണെന്നാണ് മസ്ക് അന്ന് സ്വയം വിശേഷിപ്പിച്ചത്. ടെസ്ല വൈകാതെ ഇന്ത്യയിലെത്തുമെന്നും, അതിന് സാധ്യമായതെല്ലാം പരമാവധി വേഗത്തിൽ ചെയ്യുമെന്നും മസ്ക് പറഞ്ഞിരുന്നു. ആഗോള ഇവി നിർമാതാക്കളിൽ നിന്നുള്ള നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുതിയ ഇലക്ട്രിക് വാഹന നയത്തിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് മസ്ക് ഇന്ത്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചത്.
ആഭ്യന്തരമായി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനാണ് പുതിയ നയം ഊന്നൽ നൽകുന്നത്. ഇവി പോളിസിക്ക് അംഗീകാരം കിട്ടുന്നത് ടെസ്ലയുടെ ഇന്ത്യൻ വിപണയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇവി നയം നടപ്പിലാക്കിയതിന് ശേഷം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ശതമാനം ആഭ്യന്തര മൂല്യവർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പോളിസി പ്രകാരം ഒരു കമ്പനി കുറഞ്ഞത് 4150 കോടി രൂപ നിക്ഷേപിക്കണം. മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ പ്ലാന്റ് പ്രവർത്തനക്ഷമമാക്കണം. ഉത്പാദന സമയത്ത് ആഭ്യന്തര മൂല്യവർദ്ധന വർദ്ധിപ്പിക്കുന്നതിന് മൂന്നാം വർഷത്തോടെ 25 ശതമാനവും അഞ്ചാം വർഷത്തോടെ 50 ശതമാനവും പ്രാദേശികവത്കരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.