ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്ന് എടുത്ത് പറഞ്ഞ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സുരക്ഷാ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ശക്തമായാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ എത്തുന്നതിന് മുൻപും അതിന് ശേഷവുമുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജയശങ്കറിന്റെ പരാമർശം.
2008ൽ മുംബൈ ഭീകരാക്രമണുണ്ടായി. എന്നാൽ ആ യുഗം ഇന്ന് പിന്നിലാണ്. മുംബൈ ഭീകരാക്രമണത്തിന് ശേഷം വലിയ ഭീകരാക്രമണങ്ങൾക്ക് നമുക്ക് സാക്ഷിയാകേണ്ടി വന്നിട്ടില്ല. ഇന്നത്തെ ഇന്ത്യയിൽ ഏതൊരു തീവ്രവാദി ആക്രമണമുണ്ടായാലും ഉറി ആയിരിക്കും ഞങ്ങളുടെ മറുപടി” ജയശങ്കർ പറയുന്നു. അതിർത്തി പ്രദേശങ്ങളിൽ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും ജയശങ്കർ വ്യക്തമാക്കി.
” അതിർത്തി ജില്ലകളിൽ സുരക്ഷ എന്നത് ആശങ്കയുണ്ടാക്കുന്ന ഘടകം തന്നെയാണ്. ഇവിടുത്തെ ഓരോ പൗരന്റേയും മനസിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. അതേപോലെ സേനയുടെ അർപ്പണബോധത്തേയും പ്രതിരോധശേഷിയേയും എല്ലാക്കാലത്തും അഭിനന്ദിക്കണം. രാജ്യത്തിന്റെ വടക്കൻ അതിർത്തികളിൽ ബുദ്ധിമുട്ടേറിയ കാലാവസ്ഥയേയും മറ്റ് പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ചാണ് സൈനികർ നിലകൊള്ളുന്നത്. പകർച്ചവ്യാധികൾ പോലുള്ള ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും അവർ അതിൽ പതറാതെ മുന്നോട്ട് പോവുകയാണ്.
തീരുമാനങ്ങൾ എടുക്കുന്നതിൽ ശക്തമായ നേതൃത്വമാണ് ഇന്നത്തെ ഭാരതത്തിനുള്ളത്. നേതൃത്വം ശക്തമാകുമ്പോൾ നിർദേശങ്ങളിൽ വ്യക്തത വരും. അത് നിങ്ങളുടെ നിലപാടുകളെയാണ് വ്യക്തമാക്കുന്നത്. ഏതൊരു കാര്യത്തിലും തടസമില്ലാതെ പ്രവർത്തിക്കുന്നത് ഇതുവഴി എളുപ്പമാകുന്നു. ഓരോ പ്രവർത്തനങ്ങളിലും ഈ സർക്കാരിന് വ്യക്തത ഉണ്ട്. ഇതിന് 100 ശതമാനം പിന്തുണ ലഭിക്കുമെന്ന് ഞങ്ങൾക്കറിയാം. ഇവിടെ പ്രവർത്തിക്കാൻ തങ്ങൾ മടിക്കുന്നില്ലെന്നും” ജയശങ്കർ പറയുന്നു.















