ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ-ഇ- ത്വയ്ബാ ഭീകരനെ വധിച്ചു. പുൽവാമയിലെ ഫ്രാസിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗർ സ്വദേശി ഡാനിഷ് ഷെയ്ഖിനെയാണ് വധിച്ചത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനികർ പ്രദേശത്ത് പരിശോധന നടത്തിയത്. പൊലീസും സിആർപിഎഫും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. സൈനികരെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരന്റെ മൃതദേഹം ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് നിന്നും നിരവധി മാരകായുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തു.
സംഭവത്തിന് പിന്നാലെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് പരിശോധന നടന്നുവരികയാണ്.















