സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരുവിനെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ചെങ്കിലും മുംബൈയ്‌ക്ക് നിരാശ. ഡുപ്ലസിസും പട്ടീദാറും ദിനേശ് കാർത്തിക്കും ആറാടിയ മത്സരത്തിൽ ആർസിബിക്ക് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് ആർസിബി നേടിയത്. ഇവരൊഴിക്കെ മറ്റാർക്കും ടീമിൽ രണ്ടക്കം കണ്ടെത്താൻ കഴിഞ്ഞില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബിയെ 21 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തിയ ബുമ്രയുടെ പ്രകടനമാണ് പിടിച്ചു നിർത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബെംഗളൂരുവിന് പതിഞ്ഞ തുടക്കമായിരുന്നു. ഓപ്പണിംഗിനിറങ്ങിയ വിരാട് കോലിയെ(3) 2.3 ഓവറിൽ തന്നെ ആർസിബിക്ക് നഷ്ടമായി. ജസ്പ്രീത് ബുമ്ര താരത്തെ ഇഷാൻ കിഷന്റെ കൈകളിലെത്തിക്കുകയായിരുന്നു. വൺഡൗണായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വിൽ ജാക്‌സിനും(8) തിളങ്ങാനാകാതെ മടങ്ങേണ്ടി വന്നു. പിന്നാലെ ക്രീസിലെത്തിയ രജത് പട്ടീദാറിനെ കൂട്ടുപിടിച്ച് നായകൻ ഫാഫ് ഡുപ്ലസിസ് ബെംഗളൂരുവിന്റെ സ്‌കോർ ബോർഡ് ഉയർത്തി. ഇരുവരും ചേർന്ന് 82 റൺസാണ് നേടിയത്. വിമർശനങ്ങൾക്ക് അർദ്ധ ശതകം കുറിച്ച് മറുപടി നൽകിയ പട്ടീദാറിനെ(50) പുറത്താക്കി ജെറാൾഡ് കോട്‌സീയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റൺസൊന്നും എടുക്കാതെ മാക്‌സ് വെല്ലും കൂടാരം കയറി. ആറാമനായി ക്രീസിലെത്തിയ ദിനേശ് കാർത്തിക്കിനെ കൂട്ടുപിടിച്ച് താളം കണ്ടെത്താൻ ശ്രമിച്ചെങ്കിലും അൽപ്പായുസായിരുന്നു. ഡുപ്ലസിയെ (61) ബുമ്ര മടക്കി. പിന്നാലെ ക്രീസിലെത്തിയ മഹിപാൽ ലോംറോർ(0), സൗരവ് ചൗഹാൻ(9), വിജയ് കുമാർ വൈശാഖ്(0) എന്നിവർക്കാർക്കും താളം കണ്ടെത്താനായില്ല. ദിനേശ് കാർത്തിക്(53), ആകാശ് ദീപ്(2) എന്നിവർ പുറത്താകാതെ നിന്നു.
മുംബൈയ്‌ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര 5 വിക്കറ്റ് വീഴ്‌ത്തി. ആകാശ് മധ്വാൾ, ജെറാൾഡ് കോട്ട്‌സീ, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.