കുതിച്ചുപാഞ്ഞ മുംബൈ ഇന്ത്യൻസിനെ പിടിച്ചു നിർത്താൻ സാധിക്കാതെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. സ്വന്തം തട്ടകത്തിൽ, ബെംഗളൂരുവിനെ 7 വിക്കറ്റിന് തോൽപ്പിച്ച മുംബൈക്ക് ഐപിഎൽ 17-ാം സീസണിൽ രണ്ടാം ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടിയപ്പോൾ മുംബൈ 15.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.
196 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് സ്വപ്നത്തുടക്കമാണ് ഓപ്പണർമാരായ ഇഷാൻ കിഷനും രോഹിത് ശർമ്മയും നൽകിയത്. പവർപ്ലേ അവസാനിക്കുമ്പോൾ 78 റൺസെന്ന നിലയിലായിരുന്നു ആതിഥേയർ. തുടക്കം മുതൽ ആഞ്ഞടിച്ച കിഷൻ 5 സിക്സും 7 ഫോറുമടക്കം 34 പന്തിൽ 69 റൺസ് അടിച്ചുകൂട്ടിയതോടെ മത്സരം കൈവിട്ടുപോയെന്ന് ബെംഗളൂരു ഉറപ്പിച്ചു. കിഷനൊപ്പം ചേർന്ന് രോഹിത് ശർമ്മയും തകർത്തടിച്ചു. 38 റൺസെടുത്ത താരത്തെ വിൽ ജാക്സ് പുറത്താക്കുകയായിരുന്നു. മൂന്നാമനായി എത്തിയ സൂര്യകുമാർ യാദവ് (52) താളം കണ്ടെത്തിയതോടെ മുംബൈക്ക് കാര്യങ്ങൾ എളുപ്പമായി. മടങ്ങിവരവ് അർദ്ധ സെഞ്ച്വറിയോടെ ആഘോഷമാക്കിയാണ് സൂര്യ മടങ്ങിയത്. മുംബൈയുടെ റണ്ണൊഴുക്കിന് തടയിടാൻ ബെംഗളൂരു ബൗളർമാർ ശ്രമിച്ചെങ്കിലും വിഫലമായി.
തകർത്തടിച്ച നായകൻ ഹാർദിക് പാണ്ഡ്യയും ( 21*) തിലക് വർമ്മയും (16*) ചേർന്ന് ആതിഥേയരെ വിജയത്തിലെത്തിച്ചു. വിൽ ജാക്സ്, വിജയകുമാർ വൈശാഖ്, ആകാശ് ദീപ് എന്നിവരാണ് ബെംഗളൂരുവിന് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്.