എരുമേലി : കൊടും ചൂടിനെ വക വയ്ക്കാതെ കർണാടക ശിവമൊഗ്ഗ ജില്ലയിൽ നിന്ന് നടന്ന് ശബരിമലയിൽ വിഷു ദർശനത്തിനായി എത്തി കർണാടക സ്വദേശികൾ . സോമശേഖർ (50), ലോകേഷ് (45) എന്നിവരാണ് 25 ദിവസങ്ങൾ കൊണ്ട് നടന്ന് എത്തിയത് .
മാർച്ച് 15 നാണ് 8 പേർ അടങ്ങുന്ന തീർത്ഥാടക സംഘം കാൽനട യാത്ര ആരംഭിച്ചത് . 25 ദിവസങ്ങൾ കൊണ്ട് എരുമേലിയിൽ എത്തി. ആറംഗ സംഘം ഇവർക്ക് പിന്നാലെ എത്തുന്നുണ്ട്. പമ്പയിൽ ഒരുമിക്കാം എന്നാണ് ധാരണ . യാത്രയിൽ വഴിയിലെ വിവിധ ക്ഷേത്രങ്ങളിലാണു ഇവർ രാത്രി തങ്ങുന്നത്.
ഭക്ഷണവും വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കും. ചൂട് കാലമായതിനാൽ രാവിലെയും വൈകിട്ടുമാണ് നടക്കുക. മുൻപും ശബരിമലയിലേക്ക് തീർത്ഥാടനം നടത്തിയിട്ടുണ്ടെങ്കിലും എരുമേലിയിൽ നിന്നാണ് കാൽ നടയായി യാത്ര ചെയ്തിരുന്നത്. ആദ്യമായിട്ടാണ് വീട് മുതൽ കാൽനടയായി യാത്ര ചെയ്യുന്നതെന്ന് ഇരുവരും പറയുന്നു.