കൊൽക്കത്ത: സന്ദേശ്ഖാലിയിൽ അതിക്രമത്തിനിരയായ സ്ത്രീകൾക്ക് പരാതി നൽകുന്നതിന് വേണ്ടി മാത്രമായി പ്രത്യേക ഇ മെയിൽ വിലാസം നൽകി സിബിഐ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഭൂമി തട്ടിയെടുക്കൽ എന്നിവ സംബന്ധിച്ചുള്ള പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി മാത്രമായിട്ടാണ് സിബിഐയുടെ നീക്കം. sandeshkhali@cbi.gov.in എന്നതാണ് ഇ മെയിൽ വിലാസം. കേസിലെ ഇരകളുടേയും ദൃക്‌സാക്ഷികളുടേയും സുരക്ഷ പരിഗണിച്ചാണ് നടപടി.
ഇനിയും പരാതികൾ നൽകാനുണ്ടെങ്കിൽ സന്ദേശ്ഖാലിയിൽ ഉള്ളവർക്ക് ഈ ഇ മെയിൽ വഴി പരാതികൾ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം സന്ദേശ്ഖാലിയിലെ കേസ് പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് നീക്കമെന്നും സിബിഐ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
പ്രസ്തുത ഐഡി സന്ദേശ്ഖാലിയിൽ വ്യാപകമായി പ്രചരിപ്പിക്കണമെന്നും, പ്രാദേശിക ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ച് പൊതു അറിയിപ്പ് നൽകണമെന്നും ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമം, ഭൂമി തട്ടിയെടുക്കൽ തുടങ്ങിയ ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നീതിയുക്തമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്.