മാലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതിനെ തുടർന്ന് മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം വൻ തോതിൽ ഇടിഞ്ഞ സാഹചര്യത്തിൽ പുതിയ നീക്കവുമായി രാജ്യം. ഇന്ത്യയിലെമ്പാടും റോഡ് ഷോ നടത്താനാണ് മാലദ്വീപിന്റെ പുതിയ തീരുമാനം. ദ്വീപിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സംഘടനയാണ് ഇന്ത്യൻ നഗരങ്ങളിലേക്ക് റോഡ് ഷോ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
മാലദ്വീപ് മന്ത്രിമാരുടെ ഇന്ത്യാവിരുദ്ധ പരാമർശത്തെ തുടർന്നായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭാരതത്തേയും മാലദ്വീപ് മന്ത്രിമാർ അവഹേളിച്ചതിന് പിന്നാലെ ദ്വീപ് രാജ്യത്തേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളെ വീണ്ടുമാകർഷിക്കാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ റോഡ് ഷോ നടത്താൻ മാലിയിലെ ടൂറിസ്റ്റ് സംഘടന തീരുമാനിച്ചത്.
ഏപ്രിൽ 8നു മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജൻ്റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് (MATATO) മാലിയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ചർച്ച നടത്തിയിരുന്നു. ഇതോടെയാണ് യാത്ര, ടൂറിസം സഹകരണം എന്നിവ വർധിപ്പിക്കുന്നതിനായി ഇന്ത്യയിൽ റോഡ് ഷോ നടത്തുന്നതുൾപ്പടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. മാലദ്വീപിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ ഹൈക്കമ്മീഷനുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും വരും മാസങ്ങളിൽ കൂടുതൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെയും മറ്റു സഞ്ചാരികളെയും ദ്വീപിലേക്ക് ആകർഷിക്കുന്നതിനായുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും ടൂറിസ്റ്റ് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാലദ്വീപിലെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് സംഘടന ചൂണ്ടിക്കാട്ടി. മാലദ്വീപിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ഇന്ത്യയിലുടനീളമുള്ള പ്രമുഖ ട്രാവൽ അസ്സോസിയേഷനുകളുമായും വ്യവസായികളുമായും തുടർന്നും പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി മാലദ്വീപ് ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമായിരുന്നു. 2023ൽ മാലദ്വീപ് സന്ദർശിച്ച 17 ലക്ഷത്തിലധികം വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. എന്നാൽ നയതന്ത്ര സംഘർഷം ഉടലെടുത്തതിനെ തുടർന്നുള്ള ആഴ്ചകളിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചാം സ്ഥാനത്തേക്ക് കുറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ചൈനീസ് അനുകൂലിയായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റത് മുതലാണ് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്.