കാത്തിരിപ്പുകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് രണ്ടാം ദിവസവും ചിത്രത്തിന് ലഭിക്കുന്നത്. ‘വർഷങ്ങൾക്കു ശേഷം’ വിജയിച്ച് മുന്നേറുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാവായ വിശാഖ് സു്ബ്രഹ്മണ്യൻ.
‘നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപ്പെടാനുള്ള കാരണം ഇപ്പോൾ മനസിലായില്ലേ ചേട്ടാ…’ എന്ന ക്യാപ്ഷനോടെ വിനീത് ശ്രീനിവാസനെ മെൻഷൻ ചെയ്താണ് വിശാഖ് പോസ്റ്റിട്ടിരിക്കുന്നത്. ഇരുവരും സന്തോഷത്തോടെ നിൽക്കുന്ന ചിത്രവും ഇതിനോടൊപ്പം വിശാഖ് പങ്കുവച്ചിട്ടുണ്ട്. ചിത്രത്തെ ഏറ്റെടുത്തതിന് പ്രേക്ഷകരോടുള്ള നന്ദിയും വിശാഖ് അറിയിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസനും വിശാഖും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണ് വർഷങ്ങൾക്കു ശേഷം. മെറിലാന്‍ഡ് ഫിലിം സ്റ്റുഡിയോ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം. തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗനും സുജ മുരുഗനുമാണ് വിശാഖിന്റെ മാതാപിതാക്കള്‍. 2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു വിശാഖ് നിർമാണരംഗത്തേക്ക് എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ ഹൃദയം നിർമിച്ചതും വിശാഖാണ്.