ന്യൂഡൽഹി: ഹരിയാനയിലെ മഹേന്ദ്രഗഡിൽ സ്‌കൂൾ ബസ് മറിഞ്ഞ് 6 കുട്ടികൾ മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഡ്രൈവർ ധർമ്മേന്ദർ, സ്‌കൂൾ പ്രിൻസിപ്പൽ ദീപ്തി, സ്‌കൂൾ ഉദ്യോഗസ്ഥൻ ഹോഷിയാർ സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ 8.30 ഓടെ ഹരിയാനയിലെ കനിനയിലുള്ള ഉൻഹാനി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. ബസിൽ 40 കുട്ടികൾ ഉണ്ടായിരുന്നു. അമിത വേഗത്തിൽ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം നഷ്‌ടപ്പെട്ട് മരത്തിലിടിച്ച ശേഷം കീഴ്‌മേൽ മറിയുകയായിരുന്നു. ജിഎൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളായ സത്യം, യുവരാജ്, വാൻഷ്, റിക്കി, അൻഷു, യാകുഷ് എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായത്. 20 കുട്ടികൾക്ക് പരിക്കേറ്റിരുന്നു. അപകടം നടന്ന സ്ഥലത്ത് വച്ചുതന്നെ ഡ്രൈവറെ അറസ്റ്റു ചെയ്തതായും വൈദ്യപരിശോധനയിൽ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് സ്ഥിരീകരിക്കപ്പെട്ടതായും പോലീസ് പറഞ്ഞു.
ഡ്രൈവറെക്കുറിച്ച് പലതവണ സ്‌കൂൾ അധികൃതരോട് പരാതിപ്പെട്ടിട്ടുണ്ടെന്നും ഡ്രൈവറെ മാറ്റിയിരുന്നെങ്കിൽ ഇത്തരമൊരു അപകടം ഒഴിവാകുമായിരുന്നെന്നും കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു. ബിസിന്റെ വേഗത കുറയ്‌ക്കാൻ അഭ്യർത്ഥിച്ചിരുന്നെങ്കിലും ഇത് കേൾക്കാൻ ഡ്രൈവർ തയ്യാറായിരുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. സ്‌കൂൾ അധികൃതർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈദ് ദിവസം അവധിയായിട്ടും വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയതിന് വിശദീകരണം നൽകാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി സീമ ത്രിഖ അറിയിച്ചു. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുൾപ്പെടെ നിരവധി രാഷ്‌ട്രീയ പ്രമുഖർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.















