തെലുങ്ക് സൂപ്പർ താരം രാം ചരണിനെ ചെന്നൈയിലെ വെൽസ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും. സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. ആർആർആർ എന്ന ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് നടനെ തേടി ഓണററി ഡോക്ടറേറ്റ് എത്തിയിരിക്കുന്നത്.
ഏപ്രിൽ 13ന് നടക്കുന്ന ചടങ്ങിൽ ചന്ദ്രയാൻ പ്രോജക്ട് കോർഡിനേറ്റർ ഡോ. പി വീരമുത്തുവേലിനും യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ, സംവിധായകൻ ശങ്കർ തുടങ്ങിയവരാണ് മുമ്പ് ഈ അംഗീകാരം നേടിയ പ്രമുഖർ.
2007ൽ ചിരുത എന്ന ചിത്രത്തിലൂടെയാണ് രാം ചരൺ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. എസ്എസ് രാജമൗലി ചിത്രമായ ആർആർആറിലെ പ്രകടനത്തിന് ഫിലിംഫെയർ, സൗത്ത് ഇന്ത്യൻ ഇൻ്റർനാഷണൽ മൂവി അവാർഡുകൾ, ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് എന്നിവ നടൻ കരസ്ഥമാക്കി.
സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമരാജുവിന്റെയും കൊമരം ഭീമിന്റെയും കഥകളുടെ സാങ്കൽപ്പിക പുനരാഖ്യാനമായിരുന്നു ആർആർആർ. ചന്ദ്രബോസിന്റെ രചനയിൽ എം എം കീരവാണി രചിച്ച നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാറും ഗോൾഡൻ ഗ്ലോബും നേടി.