വളർത്തുമൃഗങ്ങളെ കാണാതായാൽ ഇനി സ്വിഗ്ഗി ഡെലിവറി ബോയികൾ സഹായിക്കും. ദേശീയ വളർത്തുമൃഗ ദിനത്തോടനുബന്ധിച്ചാണ് സ്വിഗ്ഗി പൗലീസ് ഫീച്ചർ സ്വിഗ്ഗി അവതരിപ്പിച്ചത്. വളർത്തു മൃഗങ്ങളെ കാണാതായാൽ സ്വിഗ്ഗി ഡെലിവറി ബോയ് സഞ്ചരിക്കുന്ന പാതകൾ പ്രയോജനപ്പെടുത്താം. ഉടമയ്‌ക്ക് ഇക്കാര്യം സ്വിഗ്ഗി ആപ്പിൽ റിപ്പോർട്ട് ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ദേശീയ വളർത്തുമൃഗ ദിനത്തോടനുബന്ധിച്ചാണ് ഇന്നലെയാണ് സ്വിഗ്ഗി ഈ ഫീച്ചർ അവതരിപ്പിച്ചത്. പാവ്-ടേണിറ്റി നയം അവതരിപ്പിക്കുന്നതിലൂടെ വളർത്തുമൃഗങ്ങളുടെ പരിചരണത്തിലും ദത്തെടുക്കലിലും ജീവനക്കാർക്ക് പിന്തുണ നൽകുമെന്നും കമ്പനി അറിയിച്ചു. സ്വിഗ്ഗി ഫുഡ് മാർക്കറ്റ്‌പ്ലെയ്‌സിന്റെ സിഇഒ രോഹിത് കപൂർ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഒരു വളർത്തുമൃഗത്തിന്റെ ഉടമയെന്ന നിലയിൽ അതിനെ കാണാതായാൽ ഉണ്ടാകുന്ന ആശങ്കയും വേദനയും മനസിലാക്കാവുന്നതാണ്. ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഉടമയെ സഹായിക്കുന്നതിനായി തങ്ങളെക്കൊണ്ട് ആകും വിധത്തിൽ സഹായിക്കാൻ സ്വിഗ്ഗി പൗലീസ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വളർത്തുമൃഗങ്ങളുടെ ചിത്രവും ഉടമയുടെ വിവരങ്ങളും മറ്റ് വിശദാംശങ്ങളും സ്വിഗ്ഗി ആപ്പ് മുഖേന റിപ്പോർട്ട് ചെയ്യാവുന്നതാണ്. 3.5 ലക്ഷത്തിൽ അധികം ഡെലിവറി പങ്കാളികളുടെ ശൃംഖല ഇതിൽ സഹായമൊരുക്കും. മൃഗങ്ങളെ കണ്ടെത്തിയാൽ ലൊക്കേഷനും ഡീറ്റെയ്ൽസും സ്വിഗ്ഗിയിലെ ഡെഡിക്കേറ്റഡ് ടീമിനെ അറിയിക്കണം. തുടർന്ന് ലൊക്കേഷൻ ഉൾപ്പെടെ പങ്കിട്ട് വളർത്തുമൃഗത്തെ സ്വീകരിക്കാവുന്നതാണ്.