ഇസ്ലാമാബാദ്: ചരിത്ര പ്രാധാന്യമുള്ള ഹിന്ദുക്ഷേത്രം പൊളിച്ച് വാണിജ്യ സമുച്ചയം പണിത് പാകിസ്താൻ. അഫ്‌ഗാനിസ്ഥാൻ അതിർത്തിയോടു ചേർന്ന് പാകിസ്താനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഖൈബർ ക്ഷേത്രമാണ് പൊളിച്ചുമാറ്റി വാണിജ്യ സമുച്ചയം പണിയുന്നത്.
ഖൈബർ ജില്ലയിലെ അതിർത്തി നഗരമായ ലൻഡി കോട്ടാൽ ബസാറിന് ഉളളിലായിരുന്നു ക്ഷേത്രം.10-15 ദിവസങ്ങൾക്കുമുൻപാണ് ഇവിടെ വാണിജ്യ സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ പാകിസ്താൻ അധികൃതർ ഇവിടെയൊരു ക്ഷേത്രം നിലനിന്നിരുന്നുവെന്ന യാഥാർഥ്യം പോലും നിഷേധിക്കുകയാണ്. നിയമാനുസൃതമായാണ് പുതിയ കെട്ടിട നിർമ്മാണം നടക്കുന്നതെന്നാണ് അവരുടെ വാദം.
പാകിസ്താനിലെ പ്രമുഖ ഗോത്ര മാധ്യമപ്രവർത്തകനായ ഇബ്രാഹിം ഷിൻവാരി ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന വസ്തുത സ്ഥിരീകരിക്കുന്നുണ്ട്. പാകിസ്താനിലെ പ്രാദേശിക ഹിന്ദു കുടുംബങ്ങൾ ഇന്ത്യയിലേക്ക് കുടിയേറിയതിനു ശേഷം 1947 ൽ ക്ഷേത്രം അടച്ചുപൂട്ടി. പിന്നീട് അയോദ്ധ്യയിൽ തർക്കമന്ദിരം പൊളിഞ്ഞു വീണതിന് പിന്നാലെ മതപുരോഹിതരുടെ നേതൃത്വത്തിൽ ക്ഷേത്രം ഭാഗികമായി നശിപ്പിക്കുകയായിരുന്നു. ഖൈബർ ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിൽ യാതൊരു സംശയവും ആവശ്യമില്ലെന്നും തന്റെ പൂർവപിതാക്കന്മാരിൽനിന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട ധാരാളം കഥകൾ കേട്ടിട്ടുണ്ടെന്നും ഇബ്രാഹിം പറയുന്നു.
പാകിസ്താന്റെ 2016 ലെ പുരാവസ്തു നിയമമനുസരിച്ച് ആരാധനാലയങ്ങൾ ഉൾപ്പെടെ ചരിത്രസ്ഥലങ്ങൾ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണെന്ന് പാകിസ്‍താൻ ഹിന്ദു മന്ദിർ മാനേജ്‌മെൻ്റ് കമ്മിറ്റിയിലെ ഹാറൂൺ സരബ്ദിയാൽ ചൂണ്ടിക്കാട്ടുന്നു.
ഈ നിയമങ്ങളൊക്കെ നിലനിൽക്കുന്നുണ്ടെങ്കിലും, ക്ഷേത്രം തകർക്കപ്പെട്ടതായി അറിവില്ല എന്നാണ് ലൻഡി കോട്ടാൽ എ.സി.പി പറയുന്നത്. ഔദ്യോഗിക ഭൂരേഖകളിൽ ഖൈബർ ജില്ലയിൽ ഇങ്ങനെയൊരു ക്ഷേത്രത്തെ കുറിച്ച് പരാമർശിക്കുന്നില്ലെന്നാണ് എസിപി യുടെ വാദം.
പാകിസ്താനിലെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ തകർക്കപ്പെടുന്നത് ഇതാദ്യമായല്ല. എങ്കിലും ചരിതപ്രാധാന്യമുള്ള ഹിന്ദു ആരാധനാലയങ്ങളെ തുടച്ചുനീക്കാൻ ലക്ഷ്യം വച്ചുള്ള ഇത്തരം നടപടികൾ ന്യൂനപക്ഷ മതവിഭാഗങ്ങളോടുള്ള പാകിസ്താന്റെ അസഹിഷ്ണുത വ്യക്തമാക്കുന്നതാണ്.















