പ്രണവ് മോഹൻലാലിനെയും ധ്യാൻ ശ്രീനിവാസനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. തിയേറ്ററിലെത്തിയ ആദ്യ ദിനം തന്നെ ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇതിനിടെ താരങ്ങളുടെ നിരവധി അഭിമുഖങ്ങളും വീഡിയോകളും പുറത്തുവരുകയും ചെയ്തു. പ്രണവ് മോഹൻലാലിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡാകുന്നത്. അജുവർഗീസാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
രാജശിൽപ്പി എന്ന ചിത്രത്തിലെ മോഹൻലാലിന്റെ അതേ ലുക്കിലാണ് പ്രണവ് മോഹൻലാൽ വീഡിയോയിലുള്ളത്. വർഷങ്ങൾക്ക് ശേഷത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത വീഡിയോയാണ് അജു പങ്കുവച്ചത്. “ജലഗിറ്റാറിന്റെ ഹൃദയതന്ത്രികളിൽ ഈണമുതിർക്കുന്ന” എന്ന് തുടങ്ങുന്ന മോഹൻലാലിന്റെ ഡയലോഗിനോടൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവച്ച് രംഗത്തെത്തിയത്. രാജശിൽപ്പിയിലെ മോഹൻലാലിനെയാണ് ഓർമ വരുന്നതെന്നും വർഷങ്ങൾക്ക് ശേഷം വളരെ മനോഹരമായിരുന്നെന്നും പറയുന്നു. സിനിമ കാണാൻ ഇനിയും ഒരുപാട് പേരുണ്ടെന്നും ലുക്ക് പുറത്ത് വിടരുതേയെന്നും ചിലർ പരിഭവം പറയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷത്തിലെ പ്രണവിന്റെ പ്രകടനത്തെ കുറിച്ചും പ്രേക്ഷകർ മികച്ച അഭിപ്രായങ്ങൾ പങ്കുവക്കുന്നുണ്ട്.















