ടി20യിൽ ഒരു ഓവറിൽ ആറ് സിക്സുകൾ പറത്തി ക്രിക്കറ്റ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് നേപ്പാളിന്റെ ദീപേന്ദ്ര സിംഗ് ഐറി. എസിസി പ്രീമിയർ കപ്പിൽ ഖത്തറിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം. കമ്രാൻ ഖാൻ എറിഞ്ഞ അവസാന ഓവറിൽ ആറ് സിക്സുകൾ നേടിയ താരം 64 റൺസുമായി പുറത്താകാതെ നി്ന്നു. 21 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
യുവരാജ് സിംഗ്, കീറോൺ പൊള്ളാർഡ് എന്നിവർക്ക് ശേഷം ഒരോവറിൽ ആറു സിക്സ് നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമനായി ഇടംപിടിച്ച താരമാണ് ദീപേന്ദ്രസിംഗ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ, മംഗോളിയയ്ക്കെതിരായ മത്സരത്തിൽ 2 ഓവറുകളിൽ തുടർച്ചയായി 6 സിക്സറുകൾ പായിച്ച് ഐറി റെക്കോർഡിട്ടിരുന്നു.മത്സരത്തിൽ വെറും ഒമ്പത് പന്തിൽ നിന്നാണ് ദീപേന്ദ്ര സിംഗ് ഐറി 50 കടന്നത്.
ഇതേ മത്സരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ടി20 അർദ്ധ സെഞ്ച്വറിയും താരം നേടിയിരുന്നു. യുവരാജ് സിംഗിന്റെ റെക്കോർഡായിരുന്നുഅന്ന് താരം മറികടന്നത്. എസിസി ടൂർണമെന്റിൽ ഐറിയുടെ കൂറ്റനടിയുടെ പിൻബലത്തിൽ നേപ്പാൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു.