ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി റംസാൻ ദിവസങ്ങളിൽ ഇന്ത്യയിൽ വിതരണം ചെയ്തത് 60 ലക്ഷം ബിരിയാണികൾ. സ്വിഗ്ഗി തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. മാർച്ച് 12 – ഏപ്രിൽ 8 വരെയുള്ള കാലയളവിലെ മാത്രം കാര്യമാണിത്. ഇത് സാധാരണ മാസത്തെ അപേക്ഷിച്ച് 15 ശതമാനം വർദ്ധനവാണ്.
10 ലക്ഷത്തിലധികം ബിരിയാണി ഓർഡർ ചെയ്തത് ഹൈദരാബാദിൽ നിന്നാണ്. 5.3 ലക്ഷം ഹലീമും ഇവിടെ നിന്നും ഓർഡർ ചെയ്തു. വൈകിട്ട് 5.30 മുതൽ 7 മണി വരെയാണ് കൂടുതലും ഓർഡറുകൾ ലഭിച്ചത്. ഇഫ്താർ സമയമായതിനാലാകും ഈ സമയത്ത് ഓർഡറുകൾ കൂടുതൽ ലഭിച്ചതെന്ന് സ്വിഗ്ഗി വിലയിരുത്തുന്നു. സാധാരണ മാസങ്ങളെ അപേക്ഷിച്ച് ഈ സമയത്തെ ഓർഡറുകളിൽ 34 ശതമാനം വർദ്ധനയാണ് ലഭിച്ചത്.
സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്തുടനീളമുള്ള ജനപ്രിയ വിഭവങ്ങൾക്കുള്ള ഓർഡറുകളിൽ ഗണ്യമായ വർധനവാണ് റംസാനിൽ രേഖപ്പെടുത്തിയത് . ഹലീമിന് 1454.88 ശതമാനം വൻ വർധനയുണ്ടായപ്പോൾ , ഫിർണി 80.97 ശതമാനമാണ് വർധിച്ചത്. മാൽപുവക്ക് ഓർഡറുകൾ 79.09 ശതമാനം ഉയർന്നപ്പോൾ ഫലൂദയും ഈന്തപ്പഴവും യഥാക്രമം 57.93 ശതമാനവും 48.40 ശതമാനവും വർധിച്ചു.
ഹൈദരാബാദിനു പുറമേ മുംബൈ, കൊൽക്കത്ത, ലഖ്‌നൗ, ഭോപ്പാൽ, മീററ്റ് തുടങ്ങിയ നഗരങ്ങളിൽ റംസാൻ വേളയിൽ മാൽപുവ, ഈന്തപ്പഴം, ഫിർനി എന്നിവയുൾപ്പെടെയുള്ള ഇഫ്താർ മധുരപലഹാരങ്ങളുടെ ഓർഡറിൽ ഗണ്യമായ വർധനയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.















