ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ വീട്ടിൽ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ബാന്ദ്ര ഏരിയയിലെ വീട്ടിൽ രാവിലെയായിരുന്നു ആക്രമണം. ഒരാൾ വെള്ളയും കറുപ്പും ചേർന്ന ടി ഷർട്ടും മറ്റാെരുവൻ ചുവന്ന ടി ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ഇരുവരും മുഖം കാണാത്ത വിധം തൊപ്പിയു വച്ചിട്ടുണ്ട്. ഇരുവരെയും കുറിച്ച് വ്യക്തമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടണ്ടെന്നാണ് വിവരം.
ഇവർ ഉപയോഗിച്ചെന്ന് കരുതുന്ന ബാന്ദ്രയിലെ ബൈക്ക് മൗണ്ട് മേരി പള്ളിക്ക് സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ഗ്യാലക്സി അപ്പാർട്ട്മെന്റിലെ ആദ്യ നിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശ നിർമ്മിത തോക്കാണ് ഉപയോഗിച്ചതെന്നാണ് വിവരം. സ്പെഷ്യൽ ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അതേസമയം അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അൻമോൽ ബിഷ്ണോയ് വ്യക്തമാക്കിയിരുന്നു. ലോറൻസിന്റെ സഹോദരൻ ഫേസ്ബുക്ക് വഴിയാണ് ആക്രമണം സ്ഥിരീകരിച്ചത്. ഇത് വെറും ട്രെയിലറാണെന്നും ഇനിയും ബിഷ്ണോയ് ഗ്യാങിന്റെ കാര്യത്തിൽ തലയിടരുതെന്നുമാണ് ഭീഷണി.