വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരങ്ങൾ. നടി കൃതി സനോൻ, നടൻ രൺവീർ സിംഗ്, ഡിസൈനർ മനീഷ് മൽഹോത്ര എന്നിവർ ചേർന്നായിരുന്നു വാരാണസിയിൽ എത്തിയത്. ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ ദിവസങ്ങളിലൊന്നാണിതെന്നായിരുന്നു വാരാണസിയിലെത്തിയ നടൻ രൺവീർ സിംഗ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
നമ്മുടെ വേരുകൾ എവിടെ നിന്നുള്ളതാണെന്നും നമ്മുടെ സാംസ്കാരിക പൈതൃകമെന്താണെന്നും ഒരിക്കലും നാം വിസ്മരിക്കരുതെന്ന് രൺവീർ സിംഗ് അഭിപ്രായപ്പെട്ടു. “ഭാരതത്തിലെ യുവജനങ്ങൾ വാരാണസിയിൽ വന്നുനോക്കണം. നമുക്ക് ഏറെ അഭിമാനം തോന്നുന്ന നിമിഷമായിരിക്കുമത്. ശിവഭക്തനായ എനിക്ക് കാശി സന്ദർശിച്ചപ്പോൾ ലഭിച്ച അനുഭൂതിയെന്താണെന്ന് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ സാധിക്കില്ല.” തന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് രൺവീർ സിംഗ് പറഞ്ഞു.
കാശി സന്ദർശിച്ചതിന്റെ അനുഭവത്തെക്കുറിച്ച് നടി കൃതി സനോനും പ്രതികരിച്ചിരുന്നു. ഭാരതീയർ പരിഷ്കൃതരാകുന്നതോടൊപ്പം ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും ഹൃദയത്തിൽ സൂക്ഷിക്കാൻ മറക്കരുതെന്നായിരുന്നു കൃതിയുടെ വാക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കാശിയിൽ ചെയ്ത കാര്യങ്ങൾ അമ്പരപ്പിക്കുന്നതാണ്. റോഡ്-റെയിൽവേ കണക്ടിവിറ്റിയായാലും കാശിയിലെ പുതിയ ഘട്ടുകളായാലും എല്ലാം അതിമനോഹരമായാണ് സജ്ജീകരിച്ചിരിക്കുന്നത്. കാശിയിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.















