ലക്‌നൗ: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമിക്കൊരുങ്ങി അയോദ്ധ്യാ രാമക്ഷേത്രം. ഈ മാസം 17ആണ് രാംലല്ലയുടെ ആദ്യ രാമനവമി ആഘോഷം. അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഫൈസാബാദ് ജില്ലാ ഭരണകൂടവും ഉത്തർപ്രദേശ് സർക്കാരും അറിയിച്ചു.
പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. രാമനവമി രാമനവമി ദിനത്തിൽ വൻ ഭക്തജനത്തിരക്ക് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ക്ഷേത്രത്തിലും പരിസരത്തും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 16,17,18 ദിവസങ്ങളിൽ ദർശന സമയം 20 മണിക്കൂർ ആയി ക്രമീകരിച്ചിട്ടുണ്ട്.
ഭക്തജന തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിനുള്ളിൽ ഏഴ് വരികളായി ഭക്തരെ ക്രമീകരിച്ച് ദർശനത്തിനുള്ള സൗകര്യം ഒരുക്കും. ഇക്കൊല്ലത്തെ രാമനവമി ദിനത്തിൽ 40 ലക്ഷം ഭക്തർ അയോദ്ധ്യയിൽ എത്തുമെന്നാണ് ക്ഷേത്ര പ്രതിനിധികൾ പ്രതീക്ഷിക്കുന്നത്. കൂടാതെ ഉദ്യോഗസ്ഥർക്ക് നിയുക്ത സോണുകളിൽ പരിശോധന നടത്തി സ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
നയാ ഘട്ട്, നാഗേശ്വർ നാഥ് സോൺ, ഹനുമാൻഗർഗി സോൺ, ടെംപിൾ സോൺ, കനക് ഭവൻ ചെമ്പിൾ സോൺ, എന്നിവിടങ്ങളിലെ സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനും മറ്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.
ക്ഷേത്ര പരിസരത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഇവിടെ മൂന്ന് ഷിഫ്റ്റുകളായി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയോഗിക്കും. പൊലീസിന് പുറമെ നഗര ആരോഗ്യ വകുപ്പ്, അയോദ്ധ്യ മുൻസിപ്പൽ കോർപറേഷൻ, ഇലക്ട്രിസിറ്റി എന്നിവയുടെ 24 മണിക്കൂർ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.