ടെൽ അവീവ്: ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്നും യെമനിൽ നിന്നും തൊടുത്ത 80ലധികം ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും തകർത്തതായി യുഎസ് സൈന്യം. സമൂഹമാദ്ധ്യമത്തിലാണ് യുഎസ് സൈന്യം ഇത് സംബന്ധിച്ച പോസ്റ്റ് പങ്കുവച്ചത്. 300ലധികം ഡ്രോണുകളും മിസൈലുകളുമാണ് കഴിഞ്ഞ ഒറ്റ രാത്രി കൊണ്ട് ഇറാനിൽ നിന്ന് വിക്ഷേപിച്ചത്.
ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ചും, അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ജോർദാൻ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയിം ഇവ വെടിവച്ച് ഇട്ടതിനാൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമേ സംഭവിച്ചുള്ളു എന്നും അധികൃതർ വ്യക്തമാക്കി. പ്രാദേശിക സുരക്ഷ വർദ്ധിപ്പിക്കുന്നതിന് എല്ലാ പ്രതിരോധ പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ട്.
യുദ്ധം തുടർന്ന് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും, ഇറാനുമായി ഒരു പോരാട്ടം നടത്തുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറയുന്നു. മേഖലയിൽ സമാധാനം പാലിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നതെന്നും ജോൺ കിർബി പറയുന്നു. നിലവിൽ ഇസ്രായേലിനെതിരായ സൈനിക നടപടികൾ അവസാനിപ്പിച്ചതായി ഇറാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ വീണ്ടും തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
പ്രത്യാക്രമണം നടത്തിയാൽ അത് മേഖലയെ ഒന്നാകെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചിരുന്നു. സൈനിക കേന്ദ്രങ്ങളിൽ സംഭവിച്ച നഷ്ടം വിലയിരുത്തിയ ശേഷം കരുതലോടെ മാത്രം മുന്നോട്ട് നീങ്ങണമെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേലിനെ അറിയിച്ചത്. അതേസമയം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം ശക്തമാക്കുമെന്ന് ഇസ്രായേലും അമേരിക്കയും വ്യക്തമാക്കി.















