ലക്‌നൗ: കാശിയുടെയും വാരണസിയുടെയും മാറ്റത്തിന് പിന്നിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ പ്രശംസിച്ച് ബോളിവുഡ് താരം രൺവീർ സിംഗ്. പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും മാറ്റത്തിനും പിന്നിൽ പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയുടെ ഫാഷൻ ഷോയുടെ ഭാഗമായാണ് രൺവീറും ബോളിവുഡ് സുന്ദരി കൃതി സനോണും ഇന്നലെ കാശിയിലെത്തിയത്.
വാരാണസിയിലെ നെയ്‌ത്തുകാരെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ അദ്ദേഹം കാശിയുടെ മുഖച്ഛായ മാറ്റിമറിച്ചു. നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിൽ അഭിമാനിക്കേണ്ടത് വളരെയധികം പ്രധാനപ്പെട്ട കാര്യമാണ്. രാജ്യത്തിന്റെ ഭാവി യുവാക്കളുടെ കയ്യിലാണ്. അതുകൊണ്ട് നെയ്‌ത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കേണ്ട നിങ്ങളുടെ ഉത്തരവാദിത്തം കാണാതെ പോകരുതെന്നും രൺവീർ കൂട്ടിച്ചേർത്തു.
നമ്മുടെ പൈതൃകത്തിന്റേയും സംസ്‌കാരത്തിന്റേയും പ്രതീകമായ കൈത്തറി വസ്ത്രങ്ങൾ ധരിക്കാൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നതായി കൃതിയും വ്യക്തമാക്കി. കാശിയിൽ മുമ്പും താൻ വന്നിട്ടുണ്ടെന്നും വീണ്ടും വരാൻ ആഗ്രഹിക്കുന്നതായി മനീഷ് മൽഹോത്രയും വ്യക്തമാക്കി. ”banarasi saree – a tapestryb of indian culture and craftsmen” എന്ന ആശയത്തിലുള്ള ഫാഷൻ ഗംഗാ നദിയുടെ തീരത്താണ് നടന്നത്.















