തൃശൂർ: സിപിഎം കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷ വിമർശിച്ച പ്രധാനമന്ത്രി, ജനങ്ങളുടെ പണം തിരികെ നൽകാൻ ഏതറ്റം വരെയും പോകുമെന്നും ഉറപ്പ് നൽകി. തൃശൂർ കുന്നംകുളത്ത് നടന്ന പൊതുസമ്മേളനത്തിലാണ് ഇടത് ഭരണത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് സഹകരണ ബാങ്ക് തട്ടിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ആരോപിച്ചു. ഇടത് സർക്കാർ അഴിമതിക്ക് പുതിയ മാർഗങ്ങൾ തേടുകയാണ്. കരുവന്നൂർ സഹകണ ബാങ്ക് അഴിമതി ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. പാവപ്പെട്ടവർ കഷ്ടപ്പെട്ട് അദ്ധ്വനിച്ച് ഉണ്ടാക്കിയ കോടാനുകോടി രൂപയാണ് കരുവന്നൂരിൽ സിപിഎം കൊള്ള ചെയ്ത് കാലിയാക്കിയത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് മൂലം പെൺകുട്ടികളുടെ വിവാഹം അടക്കം മുടങ്ങിപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആലത്തൂർ മണ്ഡലം സ്ഥാനാർത്ഥി ടി എൻ സരസുവിമായി കരുവന്നൂർ വിഷയം സംസാരിച്ച കാര്യവും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു.
സിപിഎമ്മിന്റെ മുഖ്യമന്ത്രി മൂന്ന് വർഷമായി ജനങ്ങളോട് നുണ പറയുകയാണ്. സഹകരണ കൊള്ളയിൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഒടുവിൽ കേന്ദ്ര ഏജൻസിയുടെ കീഴിലാണ് അന്വേഷണം കാര്യക്ഷമമായി നടന്നത്. 90 കോടിയുടെ സമ്പത്താണ് ഇഡി കണ്ടു കെട്ടിയത്. പാവങ്ങളുടെ പണം തിരികെ ലഭിക്കുന്നതിനെ കുറിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചനകൾ നടക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
കരുവന്നൂർ അഴിമതി പോലെ, ഇഡി കണ്ടുകെട്ടിയ 17,000 കോടി രൂപ വഞ്ചിക്കപ്പെട്ടവർക്ക് പിടിച്ചെടുത്ത് തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കരുവന്നൂരിൽ നിക്ഷേപകരുടെ പണം തിരിച്ച് തരാൻ സാദ്ധ്യമായ എല്ലാം വഴികളും തേടുന്നുണ്ടെന്നും അതിനായി ഏത് അറ്റം വരെയും പോകുമെന്നും മോദി തൃശൂരിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി.















