മുംബൈ: കാറുകൾക്കായുള്ള ചിപ്പ് നിർമിച്ച് നൽകുന്നതിന് ഇലോൺ മസ്കിന്റെ ടെസ്ല, ടാറ്റ ഇലക്ട്രോണിക്സുമായി കരാർ ഒപ്പുവെച്ചു. ചിപ്പ് നിർമാണത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി 60 ഓളം വിദഗ്ധരെ ടാറ്റ നിയമിച്ചതായാണ് റിപ്പോർട്ട്. കരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ടാറ്റ ഇലക്ട്രോണിക്സ് തയ്യാറായില്ല.
ടെസ്ലയുടെ പ്രവർത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ടാറ്റയും ഇലോൺ മസ്കും കൈകോർത്തത്. നിലവിൽ തമിഴ്നാടിലെ ഹൊസൂർ , ഗുജറാത്തിലെ ധോലേര, അസം എന്നിവിടങ്ങളിൽ ടാറ്റ ഇലക്ട്രോണിക്സിന്റെ സെമികണ്ടക്ടർ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്.
ഈ മാസം ഇന്ത്യ സന്ദർശിക്കുന്ന ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സന്ദർശന വേളയിൽ ഇന്ത്യൻ പ്ലാന്റ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളിൽ പ്ലാന്റിനായുള്ള ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ ടെസ്ല ആരംഭിച്ചു. നിർമാണ ഫാക്ടറിക്കായി 25,000 കോടി രൂപ കമ്പനി നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈയിലും ഡൽഹിയിലും ഷോറുമുകൾ ആരംഭിക്കാനുള്ള പ്രാഥമിക നടപടിയും കമ്പനി ആരംഭിച്ചു. മെട്രോ നഗരങ്ങളിൽ 5,000 ചതുരശ്രയടിയുള്ള ഷോറും തുറക്കാനാണ് പദ്ധതി. ഫാക്ടറി നിർമാണം സമയബന്ധിതമായി പൂർത്തിയായാൽ ഇന്ത്യൻ വിപണിയിൽ ഈ വർഷം തന്നെ ടെസ്ലയുടെ വൈദ്യുതി കാറുകൾ എത്തും.