തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ സ്വീകരിച്ച് കോൺഗ്രസ് വെട്ടിലായതിന് പിന്നാലെ വെൽഫെയർ പാർട്ടിയും യുഡിഎഫിന് പിന്തുണയുമായി രംഗത്ത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് വാർത്താ സമ്മേളനത്തിലൂടെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. പാർട്ടിക്കുള്ളിൽ വിശദമായ ചർച്ചകൾ നടത്തിയതിന് ശേഷമാണ് തീരുമാനമെന്ന് വെൽഫെയർ പാർട്ടി അറിയിച്ചു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തിപകരാൻ യുഡിഎഫിനൊപ്പം നിൽക്കുകയാണെന്നാണ് പാർട്ടിയുടെ പ്രഖ്യാപനം.
ഇതോടെ എസ്ഡിപിഐ വിവാദം കെട്ടടങ്ങുന്നതിന് മുൻപേ വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. എസ്ഡിപിഐയുടെ വോട്ട് തള്ളാനും കൊള്ളാനും വയ്യെന്ന രീതിയിൽ പ്രതിരോധത്തിലായി നിൽക്കുന്നതിനിടെയാണ് കോൺഗ്രസിനെ അവതാളത്തിലാക്കി വെൽഫെയർ പാർട്ടിയും രംഗത്തെത്തിയത്.
സംഭവത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്തുവന്നു. തീവ്ര നിലപാടുള്ള വർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ ഘടകമാണ് വെൽഫെയർ പാർട്ടിയെന്നും അത്തരത്തിലുള്ള പാർട്ടിയുടെ പിന്തുണയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും സന്ദീപ് വാര്യർ വിമർശിച്ചു.
പോപ്പുലർ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ രാഷ്‌ട്രീയ പാർട്ടിയായി കണക്കാക്കുന്ന എസ്ഡിപിഐയുടെ പിന്തുണ കോൺഗ്രസ് സ്വീകരിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. തൊട്ടടുത്ത ദിവസമായിരുന്നു പിഡിപിയുടെ പിന്തുണ ഇടതുമുന്നണിക്കാണെന്ന് പ്രഖ്യാപിച്ചത്. വർഗീയ സംഘടനകൾ ഇരുവരും നൽകുന്ന പിന്തുണ വേണ്ടെന്ന് വയ്‌ക്കാൻ കോൺഗ്രസോ സിപിഎമ്മോ തയ്യാറായില്ല. ഇതിനിടെയാണ് വെൽഫെയർ പാർട്ടിയും നിലപാട് അറിയിച്ചത്. വർഗീയതക്കെതിരെ നിരന്തരം സംസാരിക്കുന്ന കോൺഗ്രസും സിപിഎമ്മും വർഗീയ പാർട്ടികളുടെ പിന്തുണയും വോട്ടും വാങ്ങാൻ മടി കാണിക്കുന്നില്ലെന്നത് ഇരുപാർട്ടികളുടെയും ഇരട്ടത്താപ്പ് വ്യക്തമാക്കുകയാണെന്നാണ് ആക്ഷേപം.