ചെന്നൈ: നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിർമ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിനെതിരെ നടൻ വിശാൽ. തങ്ങളുടെ ചിത്രങ്ങൾക്ക് നേട്ടമുണ്ടാക്കാൻ തിയേറ്റർ റിലീസുകളിൽ അടക്കം കൃത്രിമം കാണിക്കുന്നു എന്നാണ് വിശാലിന്റെ ആരോപണം. മാർക്ക് ആന്റണിയുടെ റിലീസിന്റെ സമയത്ത് താൻ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടെന്നും വിശാൽ പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രത്‌നത്തിന്റെ പ്രമോഷൻ വേളയിലാണ് താരം ഇക്കാര്യം പറഞ്ഞത്.
പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിലെ ഒരു വ്യക്തിയുമായി എനിക്ക് വലിയ ഏറ്റുമുട്ടലിൽ ഏർപ്പെടേണ്ടി വന്നു. തമിഴ് സിനിമ ആരുടെയും കുത്തകയല്ല. അങ്ങനെ ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ അവർ ഈ രംഗത്ത് വിലപ്പോകില്ല. ഈ പറയുന്ന വ്യക്തിയെ എനിക്ക് നന്നായി അറിയാം. സിനിമാ രംഗത്ത് ഈ പറയുന്ന വ്യക്തിയെ പരിചയപ്പെടുത്തിയത് ഞാൻ ആണ്.
എന്നാൽ ഒരു അവസരത്തിൽ അയാൾ എന്നെ വിളിച്ച് എന്റെ സിനിമയുടെ റിലീസ് മാറ്റിവെക്കണമെന്ന് പറഞ്ഞു. അത് എനിക്ക് ഇഷ്ടമായില്ല, കാരണം 65 കോടി രൂപ കടം വാങ്ങി സെപ്തംബർ 15 ചിത്രം റിലീസ് ചെയ്യുമെന്ന് ഞാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അന്ന് ശക്തമായ വിയോജിപ്പ് അറിയിച്ച് തന്നെയാണ് ഞാൻ മാർക്ക് ആന്റണി റിലീസ് ചെയ്തത്.
അന്ന് ഞാൻ മിണ്ടാതിരുന്നെങ്കിൽ എനിക്ക് ഒരുപാട് നഷ്ടങ്ങൾ സംഭവിക്കുമായിരുന്നു. നിർമ്മാതാവിന് ലാഭം കിട്ടി. ആദിക്ക് ഒരു കരിയർ ബ്രേക്ക് ലഭിച്ചു. എനിക്ക് ഒരു മികച്ച വിജയം ലഭിച്ചു. അത്തരത്തിലുള്ള അനുഭവങ്ങൾ ഇനിയും സംഭവിക്കും എന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. രത്‌നത്തിന്റെ റിലീസിനും റിലീസിനും പ്രശ്നങ്ങൾ ഉണ്ട്’- വിശാൽ പറഞ്ഞു.