ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ആദിത്യ ശ്രീവാസ്തവയാണ്. നാലാം റാങ്ക് സ്വന്തമാക്കിയിരിക്കുന്നത് സിദ്ധാർത്ഥ് റാം കുമാർ എന്ന മലയാളിയാണ്. എറണാകുളം സ്വദേശിയാണ്.
1,016 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവയിൽ 347 ഉദ്യോഗാർത്ഥികൾ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇഡബ്ല്യൂഎസിൽ നിന്നും 115, ഒബിസി വിഭാഗത്തിൽ നിന്നും 303, എസ്‌സി 165, എസ്ടി 86 എന്നിങ്ങനെയാണ് റാങ്ക് ജേതാക്കളുടെ വിവരം.
കൂടാതെ ആദ്യ 100-ൽ പത്തിലധികം മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. 31-ാം റാങ്ക് നേടിയിരിക്കുന്ന വിഷ്ണു ശശികുമാർ, 40-ാം റാങ്ക് ജേതാവായ അർച്ചന പിപി, 45-ാം റാങ്ക് നേടിയിരിക്കുന്ന രമ്യ ആർ, 59-ാം റാങ്ക് നേടിയിരിക്കുന്ന ബിഞ്ചോ പി ജോസ്, 68-ാം റാങ്ക് നേടി കസ്തൂരി ഷാ, 71-ാം റാങ്ക് ഫാബി റഷീദ്, 107-ാം റാങ്ക് ജി ഹരിശങ്കർ, 93-ാം റാങ്ക് ആനി ജോർജ് എന്നിവരാണ് മികച്ച നേട്ടം കൈവരിച്ചത്.
കഴിഞ്ഞ മാസമാണ് ഇന്റർവ്യൂ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.