വിശ്വപ്രസിദ്ധമായ പൂരമാണ് തൃശൂർ പൂരം. മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് ( പൂരം നക്ഷത്രത്തിലുംകൂടി ഉൾപ്പെട്ട്0 പൂരം ആഘോഷിക്കുന്നത്. പാറമേൽക്കാവിൽ ഭഗവതി (തിരുമന്ധാംകുന്ന് ഭഗവതിയും സഹോദരി കൊടുങ്ങല്ലൂരമ്മയും ) തിരുവമ്പാടി ഭഗവതിയും ചേർന്ന് നടത്തുന്ന കുടമാറ്റത്തിന് അണിചേരുന്നത് വടക്കും നാഥ ക്ഷേത്ര മൈതാനത്ത് . തൃശൂർ പൂരത്തിന് 200 വയസ്സ് കഴിഞ്ഞിരിക്കുന്നു!
തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്.
തിരുവമ്പാടി ഭഗവതി
ടിപ്പുവിന്റെ പടയോട്ടകാലത്താണ് തിരുവമ്പാടിയുടെ ചരിത്രത്തിന്റെ തുടക്കം. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തൂരിലെ ഇല്ലത്തെ കാർന്നോർ (പരദേവതയായ കൊടുങ്ങല്ലൂരമ്മയും നവനീത കൃഷ്ണനും ) എടുത്ത് ഓടിയ കൃഷ്ണവിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കേ അങ്ങാടിയിൽ കണ്ടൻകാവിലായിരുന്നു ആദ്യപ്രതിഷ്ഠ. കൃഷ്ണനോടൊപ്പം പോന്നതായി സങ്കൽപ്പിക്കുന്ന ബാലഭഭ്രകാളിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. എടക്കളത്തൂരിൽ നിന്നു കൊണ്ടുവന്ന വിഗ്രഹം കാറ്റാനപ്പുള്ളി മനയിൽ ആദ്യം കുടിയിരുത്തപ്പെട്ടു എന്ന ഐതിഹ്യമുണ്ട്. പിന്നീട് തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചു. ഭഗവതിയെ ‘എടത്തരിക’ത്തേക്കു മാറ്റി.
തിരുവമ്പാടി കൃഷ്ണനാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. തിരുവമ്പാടി ഭഗവതിയാണ് മറ്റൊരു പ്രധാനപ്പെട്ട പ്രതിഷ്ഠ. ഉണ്ണികൃഷ്ണന്റെ രൂപത്തിലുള്ള ഭഗവദ് വിഗ്രഹത്തിന് മൂന്നടി പൊക്കമുണ്ട്. വലതുകയ്യിൽ ഒരു ഓടക്കുഴൽ പിടിച്ചിട്ടുണ്ട്. ഇടതുകൈ അരയിൽ കുത്തിനിൽക്കുകയാണ്. ബാലരൂപത്തിലുള്ള ഭദ്രകാളിയാണ് തിരുവമ്പാടിയമ്മ. നാലടി ഉയരം വരും തിരുവമ്പാടിയമ്മയുടെ വിഗ്രഹത്തിന്. പുറകിലെ വലതുകയ്യിൽ ത്രിശൂലം, പുറകിലെ ഇടതുകയ്യിൽ ദാരികശിരസ്സ്, മുന്നിലെ ഇടതുകയ്യിൽ രക്തപാത്രം, മുന്നിലെ വലതുകയ്യിൽ നാന്ദകം എന്ന വാൾ എന്നിവ ധരിച്ചുനിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. പടിഞ്ഞാട്ട് ദർശനമായാണ് രണ്ടുപ്രതിഷ്ഠകളും. ഗണപതി, ശാസ്താവ്, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഘണ്ഠാകർണൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, മണികണ്ഠൻ തുടങ്ങിയ ദേവതകൾ ആണ് ഉപദേവതകൾ. കൂടാതെ ക്ഷേത്രത്തിന് പുറകിലായി ചെറിയൊരു ഗണപതിക്ഷേത്രവുമുണ്ട്.
കൊടിയേറ്റം
തൃശൂർ പൂരത്തിന് ഏഴുദിവസം മുമ്പാണ് കൊടിയേറ്റം (കൊടിയേറ്റം) ആരംഭിക്കുന്നത്. തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന എല്ലാ ക്ഷേത്രങ്ങളിലെയും ചടങ്ങുകൾക്ക് സന്നിഹിതരാകുന്നു, കൂടാതെ ഉത്സവത്തിന്റെ ആരംഭം അറിയിക്കാൻ നേരിയ വെടിക്കെട്ടും ഉണ്ടായിരിക്കും.
പ്രദക്ഷിണ വഴിയിൽ (തൃശൂർ റൗണ്ട്) പടിഞ്ഞാറ് , തെക്ക്, വടക്ക് ഭാഗത്ത് മാത്രമാണ് പന്തൽ ഉള്ളത്. പാറമേക്കാവിന് മണികണ്ഠനാലിൽ (തെക്ക്) ഒരു പന്തലേയുള്ളുവെങ്കിൽ തിരുവമ്പാടിക്ക് നടുവിലാലും(പടിഞ്ഞാറ്) നായ്ക്കനാലിലും(വടക്ക്) പന്തലുകളുണ്ട്.
നടുവിലാലിലെ പന്തലിന് ആചാരപ്രകാരം ഏറെ പ്രധാന്യമുള്ളതാണ്. തിരുവമ്പാടി ഭഗവതി മഠത്തിൽ നിന്നെഴുന്നള്ളുമ്പോൾ ശ്രീ വടക്കുംനാഥന്റെ നടയ്ക്കൽ മുഖം കാട്ടുന്നത് നടുവിലാലിലെ പന്തലിൽ നിന്നു കൊണ്ടാണ്. ഈ മുഹൂർത്തത്തിൽ പഞ്ചവാദ്യം ‘ഇടത്തീർ’ കലാശം കൊട്ടും. പുലർച്ചെ പ്രധാന വെടികെട്ട് സമയത്ത് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ഓരോ ആനകൾ തിടമ്പേറ്റി നിൽക്കുന്നത് നായ്ക്കനാൽ- മണികണ്ഠനാൽ പന്തലുകളിലാണ്.
കണിമംഗലം, പനക്കംപിള്ളി ശാസ്താമാരും, പൂക്കാടിക്കര, ചൂരക്കോട്ടുകാവ്, ലാലൂർ, നൈതിലക്കാവ്, അയ്യന്തോൾ, ചെമ്പുകാവ് എന്നിവിടങ്ങളിലെ ഭഗവതിമാരുമാണ്. കണിമംഗലം ശാസ്താവാണ് “ബ്രഹ്സ്പതി”യുടെ (ദേവഗുരു) അവതാരമായ ആദ്യദൈവം” – ശ്രീ വടക്കുംനാഥനിൽ പ്രവേശിക്കുന്ന പ്രധാന പൂരം. കുടമാറ്റത്തിന് രണ്ടറ്റത്തും ശാസ്താവും നടുവിൽ ഭഗവതിമാരാണ് അണിനിരക്കുക.
ദ്രാവിഡ സ്വാധീനം കൊണ്ടാവാം ശാസ്താവും ദേവിയും മാത്രമേ പൂരത്തിൽ പങ്കെടുക്കുന്നുള്ളു എന്നത് ശ്രദ്ധേയമാണ്. പൂരത്തിന്റെ നിശ്ശബ്ദ കാഴ്ചക്കാരായ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് ഏകദേശം തുല്യ ദൂരത്താണ് നാല് ശിവക്ഷേത്രങ്ങളും നാല് എണ്ണം ദുർഗ്ഗാ ക്ഷേത്രങ്ങളും നാല് വലിയ കുളങ്ങളും സ്ഥിതി ചെയ്യുന്നത്. എരട്ടച്ചിറ -തെക്ക്, ചിറക്കൽ – പടിഞ്ഞാറ് അശോകേശ്വരം – വടക്ക് & മിഥുനാപ്പിള്ളി – കിഴക്ക് എന്നിവയാണ് ശിവക്ഷേത്രങ്ങൾ.ശിവനെ മാത്രമായി ദർശനം വേണം എന്നുള്ളവർക്ക് ഇവിടെ പ്രത്യേകം ദർശനം നടത്താം.
പൂക്കാട്ടിക്കര – കാരമുക്ക്, ചിയ്യാരം – തെക്ക്, ലാലൂർ തെക്ക് പടിഞ്ഞാറ്, അയ്യന്തോൾ, വടക്ക് പടിഞ്ഞാറ് ചെമ്പാവ് – വടക്കുകിഴക്ക് എന്നിവയാണ് ദുർഗ്ഗാ ക്ഷേത്രങ്ങൾ.ഭക്തർ വടക്കുംനാഥനെയും ഘടക ക്ഷേത്രങ്ങളും ദർശനം നടത്തി തിരികെ എത്തി വടക്കുംനാഥനെ ദർശനം നടത്തി കാശി വിശ്വനാഥനോട് കാര്യം ഉണർത്തിച്ചാൽ മോക്ഷപ്രാപ്തി ലഭ്യമായി.
സാമ്പിൾ ( കോലോത്തെ പൂരം)
പൂരത്തിന് മൂന്ന് നാൾ മുന്നേ കോവിലകത്തുള്ളവർക്ക് കാണാനായി നടന്നു വന്നിരുന്ന കോലോത്തും പൂരമാണ് പിന്നീട് സാമ്പിൾ വെടിക്കെട്ട് ആയി മാറിയത്. അത് നിശ്ശ്ചിത്ത ദിവസം വൈകിട്ട് 7.30ന് നടക്കും. ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയുമണ്ണ് വെടിക്കെട്ടിന് തിരി കൊളുത്തുക. സാമ്പിൾ വെടിക്കെട്ട്, പ്രാധാന വെടിക്കെട്ട്, പകൽ വെടിക്കെട്ട് എന്നിവക്കായി 2000 കിലോ വീതം വെടി മരുന്ന് പൊട്ടിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അശോകേശ്വരം ക്ഷേത്രത്തിൽ ഭഗവതിമാരെല്ലാം പറവെപ്പ് നടത്തുന്നു .പൂരത്തിൽ പങ്കാളികളായ 10 ദേവീദേവൻമാരും അശോകേശ്വരം തേവരും വടക്കുന്നാഥക്ഷേത്രത്തിൽ ശിവരാത്രിയിലും എത്തുക പതിവാണ്.
കണിമംഗലം ശാസ്താവ്
കണിമംഗലം ധർമ്മശാസ്താവിന്റെ പൂരം എഴുന്നള്ളിപ്പോടെയാണ് വടക്കുംനാഥൻ കണികണ്ടുണരുന്നത്. കണിമംഗലം ക്ഷേത്രത്തിൽ ദേവഗുരുവായ ബൃഹസ്പതിയാണ് പ്രതിഷ്ഠ എന്നാണ് വിശ്വാസം. ശ്രീ വടക്കുംനാഥന്റെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയിരിക്കുന്നു.
തൃശൂർ പൂരം നാളിൽ വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് സൂര്യോദയത്തിന് മുമ്പ് കണിമംഗലം ശാസ്താവ് എത്തുന്നു.
വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരമാണിത്. ദേവഗുരുവായതുകൊണ്ടാണിത്. കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുക. എൺപതിലധികം ആനകളാണ് പൂരത്തിന് പങ്കെടുക്കുന്നത് നിശ്ചിത സമയം മാത്രമാണ് ഓരോ ആനയെയും ചടങ്ങിൽ ഉൾപ്പെടുത്തുകയുള്ളൂ. മൃഗസംരക്ഷണ വകുപ്പും ഇവരോടൊപ്പം കാണും.
നെയ്തലക്കാവിലമ്മ
സാധാരണയായി തുറക്കാത്ത തെക്കേ ഗോപുര വാതിൽ തലേന്നു തുറന്നിടുന്നു. വർഷം മുഴുവൻ അടഞ്ഞുകിടക്കുന്ന തെക്കേഗോപുര നട പൂരത്തിനോടനുബന്ധിച്ച് തുറക്കനുള്ള അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്. പൂരത്തലേന്നാണ് തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്.
ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ പ്രദക്ഷിണവഴിയിലെത്തുന്ന അമ്മ പ്രദക്ഷിണം വച്ചു് നായ്ക്കനാലിലെത്തുമ്പോൾ പൂരത്തിന്റെ ആദ്യ പാണ്ടി തുടങ്ങും ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ പാണ്ടി നിറുത്തി ത്രിപുടയാവും. ത്രിപുടയോടെ ചുറ്റമ്പലത്തിൽ കടന്ന അമ്മ വടക്കും നാഥനെ പ്രദക്ഷിണം വച്ച് തെക്കേഗോപുരത്തിലെത്തുമ്പോൾ ത്രിപുടമാറി ആചാരപ്രകാരമുള്ള കൊമ്പുപറ്റ്, കുഴൽപറ്റ് ആവും. പിന്നെ നടപാണ്ടിയുമായി അമ്മ തെക്കേ നട തുറന്ന് തെക്കോട്ടിറങ്ങും.
പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം
പനമുക്കമ്പിളളി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ധർമ്മശാസ്താവ് പ്രധാന പ്രതിഷ്ഠയും ,മഹാദേവൻ ,ഗണപതി, ഭഗവതി ഉപപ്രതിഷ്ഠയായിട്ടുമുണ്ട്. തെക്കേ മഠത്തിന്റെ കീഴേടം ക്ഷേത്രമാണീ ക്ഷേത്രം . തൃശ്ശൂർ പൂരത്തിന് കാലത്ത് 7 ന് മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവും കിഴക്കേക്കോട്ടവഴി പാറമേക്കാവിലെത്തുകയും പിന്നെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി കടന്നു് തെക്കേ ഗോപുരം വഴി പുറത്തുകടക്കും.
ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി
തൃശൂർ പൂരത്തിന്റെ മറ്റൊരു ഘടകമായ അയ്യന്തോളിലെ ഭഗവതി ചെമ്പുക്കാവ് ഭഗവതിയുടെ മൂത്ത സഹോദരിയാണെന്നാണ് കരുതപ്പെടുന്നത്. കൊടിയേറ്റം കഴിഞ്ഞ് അടുത്ത ദിവസം അയ്യന്തോളെ ഭഗവതി ചെമ്പുക്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെമ്പുക്കാവ് ഭഗവതി ദർശനം നടത്തുകയും ചെയ്യുന്നു. ചടങ്ങിനെ അടയാളപ്പെടുത്തുന്നതിനായി ചെമ്പുക്കാവിൽ നിന്ന് അയ്യന്തോളെ ഭഗവതി ഒരു ചന്ദനത്തടിയും തിരിച്ച് ചെമ്പുക്കാവ് ഭഗവതി അയ്യന്തോളിൽ നിന്ന് ഒരു തളികയും എടുക്കുന്നു. കാർത്തിയായനി ഭഗവതിയും വിഘ്നേശ്വരനും ധർമ്മ ശാസ്താവുമാണ് ഇവിടെ പ്രതിഷ്ഠ.
പൂരം ദിവസം കാലത്ത് ഏഴുമണിക്ക് ദേവി വടക്കുംനാഥനിലേക്ക് പുറപ്പെടും. . മൂന്നാനകളും നാദസരവും പഞ്ചവാദ്യവുമായി ടൗൺഹാൾ റോഡുവഴി പാറമേക്കാവു ക്ഷേത്രത്തിനു മുന്നിലൂടെ വാടക്കുംനാഥന്റെ കിഴക്കേ ഗൊപുരം വഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടക്കും. വൈകീട്ടും ഇതെപോലെ തന്നെ ദേവി വടക്കുംനാഥനിലെത്തി പോരും. പൂരത്തിന് പാഞ്ചാരിയോടുകുടിയ എഴുന്നെള്ളിപ്പ് ഈ ഘടകപൂരത്തിന്റെ മാത്രം പ്രത്യേകതയാണ്.
പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി
കാർത്ത്യായനി ദേവിയും സഹോദരൻ കൃഷ്ണനുമാണ് കാരമുക്ക് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എടമ്പിരി ഗണപതി, നന്ദി (വിശുദ്ധ കാള), ശിവൻ എന്നിവയാണ് “പൂക്കാട്ടിക്കര” ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. ഇത് കൂടിച്ചേർന്നാൽ പൂക്കാട്ടിക്കര-കാരമുക്ക് ക്ഷേത്രം. രണ്ട് പ്രധാന ഇരട്ട വട്ട ശ്രീകോവിൽ (വിശുദ്ധ ദേവാലയങ്ങൾ), മറ്റൊരു ഒറ്റ വട്ട ശ്രീകോവിൽ ശ്രീ വടക്കുംനാഥ ക്ഷേത്രത്തിന്റെ ചെറുരൂപമാണ്. മൂന്ന് (വലിയതും ഒന്ന് ചെറുതും) ബലിക്കല്ലുകൾ ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം കാണിക്കുന്നു.
പൂരദിവസം കാലത്ത് 5.00 മണിക്ക് നാദസരവും നടപാണ്ടിയുമായി കുളശ്ശേരി അമ്പലത്തിലെത്തും. മൂന്നു ആനകളും 60 കലാകാരന്മാരുമടങ്ങുന്ന നാദസരവുമായി 8.00 മണിക്ക് മണികണ്ഠനാൽ പന്തലിലെത്തും. 9 ആനകളും 100ൽ പരം കലാകാരന്മാരുമായി പാണ്ടിമേളം തുടങ്ങും അത് 9.30ന് ശ്രീമൂല സ്ഥാനത്ത് അവസാനിക്കും. ദേവി പടിഞ്ഞാറെ ഗോപുരം വഴി അകത്തു കടന്ന് വടക്കുംനാഥനെ വണങ്ങി, തെക്കെഗോപുരം വഴി പുറത്ത് കടക്കും. ദേവി, ശക്തൻ തമ്പുരാൻ പ്രതിമയെ ചുറ്റി കുളശ്ശേരി ക്ഷേത്രത്തിലേക്ക് മടങ്ങും.
ലാലൂർ കാർത്ത്യാനി ഭഗവതി
യാഗങ്ങളുടെ ഭൂമി എന്നറിയപ്പേട്ടിരുന്ന സ്ഥലമാണ് പിന്നീട് ലാലൂരായത്. കാർത്ത്യാനി ദേവിയാണ് പ്രതിഷ്ഠ. വടക്കുംനാഥൻ ക്ഷേത്രത്തിലെ ശ്രീരാമന്റെ ശ്രീകോവിലിന്റെതു പോലുയുള്ള കൊത്തുപണികളാണ് ഇവിടെ കാണുന്നത്. ഉപദേവതമാരുടെ പ്രതിഷ്ഠകളൊന്നും ഇവിടെ ഇല്ലെന്നൊരു പ്രത്യേകതയും ഉണ്ട്. കല്ലിൽ കൊത്തിയ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ക്ഷേത്രകവാടത്തിലെ ബലിക്കല്ലിന് എട്ട് അടിയോളം ഉയരമുണ്ട്. പ്രതിഷ്ഠയുടെ കാൽ പദത്തോളം ഉയരമെ ബലിക്കല്ലിന് പാടുള്ളു എന്നാണ് നിയമം. ലാലൂർ ഭഗവതിയും കാരമുക്ക് ഭഗവതിയും സഹോദരിമാരാണെന്നാണ് വിശ്വാസം.
കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത്മാണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥനിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു് 11.30 ക്ഷേത്രത്തിലെത്തും.
ചൂരക്കോട്ടുകാവ് ഭഗവതി
പണ്ട് നിറയെ ചൂരൽക്കാടായിരുന്ന ചൂരക്കാട്ടുകരയിലെ ഭഗവതിക്ഷേത്രമാണ് ചൂരക്കോട്ടുകാവ്. ദേവി മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. യാഗഭൂമിയായിരുന്ന സ്ഥലത്ത് സ്വയംഭൂവാണ് ഈ ഭഗവതി. വനദുർഗ്ഗ സങ്കൽപ്പമായതിനാൽ ഇവിടത്തെ ശ്രീകോവിലിന് മേൽക്കൂരയില്ല.പുരാതന കാലത്ത് രാമച്ചിറ ക്ഷേത്രത്തിന്റെ കീഴേടം ആയിരുന്നു ഈ ക്ഷേത്രം.തൃശൂർ പൂരത്തിന് 14 ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്.ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു.
കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് നാദസ്വരവും നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദർശിക്കാൻ പുറപ്പെടും. പൂങ്കുന്നം, കോട്ടപ്പുരം വഴി നടുവിലാലിലെത്തിയാൽ ഇറക്കിപൂജയുണ്ട്. അപ്പോൾ അവിടെ 14 ആനകൾ നിരക്കും. നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന പാണ്ടി ഇവിടെ നടക്കും. പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ പാറമേക്കാവിലെത്തും. ചൂരക്കോട്ടുക്കാവ് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു.
രാത്രി പന്ത്രണ്ടരയോടെ പാറമേക്കാവിൽ നിന്ന് പൂറപ്പെടുന്ന ദേവി വടക്കുംനാഥനെ വണങ്ങി 12 മണിയോടെ ചൂരക്കാട്ടുകരക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും. വൈകീട്ട് ഏഴുമണിക്ക് കാലത്തെ പോലെ ആവർത്തിക്കുകയും 10 മണിക്ക് ശ്രീമൂലസ്ഥാനത്ത് മേളം അവസാനിപ്പിക്കുകയും 11 മണിക്ക് ദേവി മടങ്ങുകയും ചെയ്യും.പൂരദിവസം പുലർച്ചെ മൂന്നു മണിക്ക് ദേവിക്ക് ആറാട്ടാണ്. പിന്നീടുള്ള പൂജകളും കഴിഞ്ഞ് ഏഴുമണിയോടെ വടക്കുംനാഥനിലേക്ക് പുറപ്പെടും. വഴിനിറയെ വിവിധ വസ്തുക്കൾ നിറച്ച പറകളും ഏറ്റു വാങ്ങി, മൂന്ന് ആനകളും നാദസരവുമായാണ് പുറപ്പാട്. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ ഏഴാകുന്നു. 11മണിയോടെ നടുവിലാലിൽ നിന്നും പടിഞ്ഞാറേ ഗോപുരം വഴി ക്കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി, അയ്യന്തോളേക്ക് തിരിച്ച്, 1.30 സ്വന്തം അമ്പലത്തിലെത്തും.
പുറത്ത് ” രാത്രി പൂരം ” രാത്രി 10 മണിക്ക് ആരംഭിച്ച് 12 മണിക്ക് അവസാനിക്കും. രണ്ട് അവസരങ്ങളിലും ചെണ്ട കലാകാരന്മാർ ” പാണ്ടിമേളം ” അവതരിപ്പിക്കുന്നു . ” രാത്രി പൂരം ” കഴിഞ്ഞ ഉടനെ ഭഗവതി ക്ഷേത്രത്തിലേക്ക് മടങ്ങുന്നു. അടുത്ത ദിവസം ” കൊടിക്കൽ പൂരം ” എന്ന ആചാരത്തോടെ നമ്മുടെ പൂരം ആഘോഷങ്ങൾ അവസാനിക്കുന്നു.
കുറ്റൂർ നെയ്തലക്കാവിലമ്മ
പൂരത്തിന്റെ ദിവസം കാലത്ത് 8.30 ന് നാദസ്വരത്ത്തിന്റെ അകമ്പടിയോടെ ആനപ്പുറത്ത് നടുവിലാലിലെത്തുന്ന അമ്മ, 11.30 പതിനൊന്ന് ആനകളുടെ അകമ്പടിയോടെ മേളത്തോടുകൂടി വാടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുരം വഴികടന്നു് തെക്കേഗോപുരം വഴി ഇറങ്ങി പഴയനടക്കാവിലെ ക്ഷേത്രത്തിൽ ഇറങ്ങും. രാത്രി 11.30 നടുവിലാലിലെത്തി 11 ആനകളുടെ അകമ്പടിയോടെ വടക്കുംനാഥനെ പ്രദക്ഷിണം ചെയ്തു് നിലപാടുതറയിൽ വണങ്ങി നെയ്തലക്കാവിലേക്ക് തിരിക്കും.
ഉഗ്രദേവതയായ ശ്രീഭദ്രകാളിയും ശ്രീമഹാദേവനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ദുർഗ്ഗാദേവി, അന്തിമഹാകാളൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.ആദ്യം ഇവിടെ ശിവക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പള്ളിപ്പുറം ക്ഷേത്രം എന്നായിരുന്നു അതിന്റെ പേര്. ഇവിടെയുള്ള ഭഗവാൻ തന്മൂലം പള്ളിപ്പുറത്തപ്പൻ എന്നറിയപ്പെട്ടുപോരുന്നു. തൃശ്ശൂരിന് പടിഞ്ഞാറുള്ള അരിമ്പൂർ എന്ന സ്ഥലത്തുനിന്ന് ഇവിടെ ദർശനത്തിനുവന്ന കുണ്ടിൽ നമ്പിടി എന്ന ഭക്തൻ ദർശനത്തിനുമുമ്പായി ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ തീരുമാനിച്ചു. തന്റെ കയ്യിലുള്ള ഓലക്കുട കുളക്കരയിൽ വച്ചശേഷം നമ്പിടി കുളത്തിലിറങ്ങുകയും കുളിയ്ക്കുകയും ചെയ്തു. എന്നാൽ, കരയ്ക്കുകയറി കുടയെടുക്കാൻ ശ്രമിയ്ക്കുമ്പോൾ അത് അനങ്ങുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന് പ്രശ്നം വച്ചപ്പോൾ ഭഗവതി തന്റെ കൂടെ വന്നുവെന്നും ശിവന്റെ കൂടെ കഴിയാൻ ആഗ്രഹിയ്ക്കുന്നുവെന്നും മനസ്സിലാക്കിയ നമ്പിടി ഉടനെ അല്പം നെയ്യും എള്ളെണ്ണയും ചേർത്തുള്ള പാത്രത്തിൽ ഭഗവതിയെ കുടിയിരുത്തി. എള്ള് വിളക്ക് (സംസ്കൃതത്തിൽ തില) കൊണ്ട് നെയ്യ് ഉള്ള ഒരു തളികയിൽ അവളെ പ്രതിഷ്ഠിച്ചു. അങ്ങനെ നായ്-തില-കാവ് എന്ന പേര് പ്രചാരത്തിലായി. അങ്ങനെ, ക്ഷേത്രത്തിന് നെയ്തിലക്കാവ് എന്ന പേരുവന്നു. ഇത് പറഞ്ഞുപറഞ്ഞ് നെയ്തലക്കാവായി മാറി.
കേളുമ്മൻ അമ്മയുടെ ഭക്തനായിരുന്നുവെന്നും ക്ഷേത്രത്തിന്റെ മതിലിന് പുറത്ത് പാലമരത്തിന് താഴെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു.
ക്ഷേത്രത്തിന്റെ മതിലിന് പുറത്ത് അൽസ്റ്റോണിയസ് (പാല) മരത്തിന്റെ ചുവട്ടിൽ കേളുമ്മൻ എന്ന ഒരു രാശാസു സ്ഥാപിച്ചിട്ടുണ്ട്. നൈതലക്കാവ് അമ്മ പടിഞ്ഞാറോട്ട് ദർശനമായും ശിവൻ കിഴക്കോട്ടുമാണ്.
മഠത്തിൽ വരവ്
ശ്രിശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളാണ് തെക്കേമഠം ,വടക്കേ മഠം ,നടുവിൽ മഠം, ഇടയിൽ മഠം. വടക്കും നാഥ ക്ഷേത്രത്തിൽ വച്ച് ശ്രീ ശങ്കരാചാര്യർ മുപ്പത്തിരണ്ടാം വയസ്സിൽ വിദേഹ മുക്തി (ആത്യന്തികമായ മുക്തി) നേടുകയും ചെയ്തു.
എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് പാഴൂർ എന്ന ഇല്ലത്തു നിന്ന് ‘മഖപണ്ഡിതൻ’എന്ന ബ്രാഹ്മണന്റെ മകളായ ആര്യാംബ (ആര്യാദേവി) എന്ന കന്യകയെ വിവാഹം ചെയ്തു. വളരെക്കാലം കാത്തിരുന്നിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല. കുട്ടികളില്ലാത്ത ഇവർ തൃശ്ശൂരിലേക്ക് പോവുകയും അവിടെയുള്ള വടക്കുംനാഥ ക്ഷേത്രത്തിൽപോയി 48 ദിവസത്തെ പൂജ ചെയ്യുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആര്യാ അന്തർജനം ഗർഭിണിയായി. ഗർഭകാലത്ത് ഇവർ പലപ്പോഴും ശിവനെ സ്വപ്നം കണ്ടിരുന്നതായി പറയപ്പെട്ടിരുന്നു. അങ്ങനെ പത്താം മാസത്തിൽ, മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും തിരുവാതിര നക്ഷത്രവും കൂടിയ കർക്കടക ലഗ്നത്തിൽ, ആര്യാംബ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. വടക്കുംനാഥൻ നൽകിയ ദിവ്യ ജന്മമാണ് ശ്രീശങ്കരാചാര്യർ .വിദേഹ മുക്തിയും അവിടെ തന്നെ സംഭവിച്ചു.
തൃശ്ശൂർ നടുവിൽ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു (വിദ്യാർത്ഥികൾ കുറവെങ്കിലും ഇപ്പോഴും അങ്ങനെ തന്നെ). ഈ മഠത്തിന് രക്ഷാധികാരിയായിരുന്നത് നടുവിൽ മഠം സ്വാമിയാർ ആണ്.ഇതേ തുടർന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് വരാനും അവിടെ വെച്ച് നെറ്റിപട്ടം മാറ്റി അണിയാനും തുടങ്ങി. സ്വർണം പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ് തുടർന്നു വരുന്നു. നടുവിൽ മഠത്തിൽ ദേവ ചൈതന്യം ഉള്ളതു കൊണ്ട് അവിടെ വെച്ച് ഒരു ‘ഇറക്കി പൂജയും’ നടത്തുന്നു. രാവിലെ എട്ടു മണിക്കാണ് മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കന്നത്. രണ്ടരമണിക്കൂർ കൊണ്ട് ഇത് മഠത്തിൽ എത്തിച്ചേരുന്നു. ‘ഇറക്കി പൂജ’ കഴിഞ്ഞ് (പണ്ടത്തെ ചമയങ്ങൾ സ്വീകരണം) പതിനൊന്നരയോടെ മഠത്തിൽ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാൽ എത്തിച്ചേരുമ്പൊൾ ആനകൾ 15 ആകുന്നു.
ശ്രീശങ്കരഭാഗവദ്പാദരുടെ പ്രഥമശിഷ്യനായ പദ്മപാദാചാര്യര്‍ സ്ഥാപിച്ചതാണ് തെക്കെമഠം.ആനന്ദബ്രഹ്മാനന്ദഭൂതി എന്നാണ് തെക്കെമഠത്തില്‍ സ്വീകരിച്ചുവരുന്ന സംന്യാസനാമം.ജാതിമത വ്യത്യാസമില്ലാതെ ധാരാളമാളുകള്‍ വിശ്വാസപൂര്‍വ്വം മഠത്തിലേക്ക് വരികയും സ്വാമിയാര്‍ക്ക് വെച്ചു നമസ്കരിക്കുകയും ചെയ്യുന്ന പതിവ് ഇപ്പോഴും തുടരുന്നത്.വാരം, സാരസ്വത ജപം, നെയ്യ് ജപം തുടങ്ങിയവ നടന്നു വരുന്നത്. നവരാത്രിയാണ് പ്രധാന ചടങ്ങ്. 9 ദിവസവും പ്രത്യേകം ആചരിക്കുന്നു. ദുര്‍ഗ്ഗാഷ്ടമി ദിവസം സന്ധ്യക്ക് തന്ത്രിയുടെ പൂജാസമയത്ത് വാദ്ധ്യാന്റെ നേതൃത്വത്തില്‍ ബ്രഹ്മസ്വം മഠത്തിലുള്ളവരും അല്ലാത്തവരുമായ വേദജ്ഞരും വേദവിദ്യാര്ത്ഥികളും ഒരുമിച്ച് സാരസ്വതമന്ത്രം ഉറക്കെച്ചൊല്ലുന്നു.കര്‍ക്കിടം 16 ഔഷധസേവാദിനമായി ആചരിച്ചു പോരുന്നു.
തെക്കേ മഠത്തിന്റെ കീഴേടം ക്ഷേത്രങ്ങൾ
മൂവ്വാറ്റുപുഴ ആവോലി സുബ്രഹ്മണ്യക്ഷേത്രം, അഷ്ടമിച്ചിറ പുത്തന്‍വേലിക്കര സുബ്രഹ്മണ്യക്ഷേത്രം, മായന്നൂര്‍ കലംകണ്ടത്തൂര്‍ നരസിംഹ ക്ഷേത്രം, കുഴല്‍മന്ദം മന്നാടൂര് ശിവക്ഷേത്രം, ദേശമംഗലം മണിക്കുറ്റി അഞ്ചുമൂര്‍ത്തി ക്ഷേത്രം, ആറ്റൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം, ആറ്റൂര്‍ പനഞ്ചിക്കല്‍ അന്തിമഹാകാളന്‍കാവ്, ആറ്റൂര്‍ മണലാടി മഹാവിഷ്ണു ക്ഷേത്രം, പാല പൂവരണി മഹാദേവക്ഷേത്രം, കോട്ടയം അരീറമ്പ് മഹാദേവക്ഷേത്രം, കോട്ടയം അമയന്നൂര്‍ മഹാദേവക്ഷേത്രം, കോട്ടയം തിരുവാർപ്പ് നരസിംഹക്ഷേത്രം, കടങ്ങോട് കൈക്കുളങ്ങര കാര്‍ത്ത്യായനി ക്ഷേത്രം, കടങ്ങോട് കൈക്കുളങ്ങര ശിവക്ഷേത്രം, വേലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം, വേലൂര്‍ കണ്ടംകുളം ശിവക്ഷേത്രം, കിഴക്കുമ്പാട്ടുകര പനമുക്കംപള്ളി ശ്രീധര്‍മ്മശാസ്ത്രാക്ഷേത്രം, തൃശൂര്‍ തെക്കേമഠം ഭദ്രകാളി ക്ഷേത്രം, തെക്കേ മഠം നരസിംഹക്ഷേത്രം എന്നിവ തെക്കേ മഠത്തിന്റെ കീഴേടം ക്ഷേത്രങ്ങളാണ്.
പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിന്റെ പൂരം തുടങ്ങുന്നത്. പൂരത്തിൽ പങ്കുചേരുവാനായി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാര വിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നു. പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നിന്നു തുടങ്ങുന്ന ചെമ്പട മേളം അവസാനിച്ച് അതിനു ശേഷം പാണ്ടിമേളം തുടങ്ങുന്നു. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കുന്നു. പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത് വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ എത്തുന്നു.
വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ് എഴുന്നള്ളത്ത് അവസാനിക്കുക. പിന്നീടാണു് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ് പങ്കെടുക്കാറ്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാർത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്.
കൊച്ചിരാജാവിന്റെ കീഴിലെ ധീരയോദ്ധാവായിരുന്ന അപ്പാട്ട് കുറുപ്പാൾ തികഞ്ഞ ദേവീഭക്തനായിരുന്നു. എല്ലാമാസവും അദ്ദേഹം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേയ്ക്ക് ദർശനത്തിനു പോകുമായിരുന്നു. വാർദ്ധക്യത്തെത്തുടർന്ന് അദ്ദേഹത്തിനുപോകാൻ കഴിയാതെ വരുമെന്ന അവസ്ഥ വന്നപ്പോൾ അവസാന ദർശനത്തിനുശേഷം തന്റെ അവസ്ഥ ഭഗവതിയോട് ധരിപ്പിച്ച് തിരികെ പോരുന്ന വേളയിൽ അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലെ ഭഗവതി കുറുപ്പാളറിയാതെ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറിയിരുന്നു.
യാത്രകഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ കുറുപ്പാൾ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി വടക്കുന്നാഥനെയും ഉപദേവതകളെയും വന്ദിച്ചശേഷം ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്നെഴുന്നേറ്റ് കുടയുമെടുത്ത് പോകാൻ നിന്ന അദ്ദേഹം കുട അവിടെ ഉറച്ചു കഴിഞ്ഞതായി കണ്ടു. തുടർന്ന് പ്രശ്നം വച്ചുനോക്കിയപ്പോൾ ദേവീസാന്നിദ്ധ്യം കണ്ടു. ദേവീസാന്നിധ്യം കണ്ടതിനെ തുടർന്ന് ഭഗവതിയെ തന്റെ തറവാട്ടിലെ കളരിയിൽ പ്രതിഷ്ഠിച്ചു യഥാവിധി പൂജാവിധികൾ ചെയ്തുകൊള്ളാം എന്ന് മനമുരുകി പ്രാർത്ഥിച്ചതിനെ തുടർന്ന് ഓലക്കുട അവിടെ നിന്നും എടുക്കുകയും തുടർന്ന് അപ്പാട്ട് തറവാട്ടിലെ കളരിയിൽ ദേവിയെ ശാക്തേയവിധി പ്രകാരം പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ദേവിയുടെ പ്രതിഷ്ഠ നടത്തിയ കളരിയുടെ തൊട്ടുപുറകിലുള്ള പാറോം മരച്ചുവട്ടിൽ ആയതിനാൽ പാറോംകാവ് ഭഗവതി എന്ന് ദേശനിവാസികൾ വിളിച്ചു പോന്നു. കാലക്രമേണ പാറോംകാവ് ലോഭിച്ചു പാറമേക്കാവ് ഭഗവതി എന്നറിയപ്പെട്ടു. ദേവീദർശനം വെളിപ്പെട്ടത് ഇലഞ്ഞിത്തറയിൽ വെച്ചായത് കൊണ്ട് കാരണവർ അവിടെയും ദേവിയുടെ ഒരു ചെറിയ ശിലാപ്രതിഷ്ഠ നടത്തി. പിന്നീട് വടക്കുംനാഥക്ഷേത്രം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ പ്രതിഷ്ഠ വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കൂറ്റൻ പാറയുടെ മുകളിലേയ്ക്കുമാറ്റി. അങ്ങനെ ആ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നു. പൂരത്തിനു മുമ്പ് ഭഗവതി അപ്പാട്ട് തറവാട്ടിൽ പോകുന്ന പതിവിനെ ചേറ്റുപുഴ ഇറക്കം എന്ന ചടങ്ങിനു ശേഷം പൂരത്തിന്റെ ചടങ്ങുകൾ തുടങ്ങുന്നത് .
ഭദ്രകാളി, ദുർഗ്ഗാ പരമേശ്വരി വിധാനത്തിൽ ഭഗവതി ആദിപരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. വലതുകാൽ മടക്കിവച്ച് ഇടതുകാൽ തൂക്കിയിട്ട് പീഠത്തിൽ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. വാൾ, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടു കൂടിയതാണ് പ്രതിഷ്ഠ. കർക്കിടകമാസത്തെ ചാന്താട്ടസമയത്തു മാത്രമെ ബിംബം കാണാനാവുകയുള്ളു. അല്ലാത്തപ്പോഴൊക്കെ സ്വർണഗോളകയാണ് കാണുക. വരിക്ക പ്ലാവിൽ നിർമ്മിച്ച ബിംബത്തിന് ഏഴടിയോളം ഉയരമുണ്ട്. വടക്കുഭാഗത്ത് ഉയരത്തിൽ ‘മേക്കാവ്’ എന്ന പ്രത്യേക ക്ഷേത്രവും ഇവിടെയുണ്ട്. കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്ന മേക്കാവിലെ പ്രതിഷ്ഠയും ശ്രീഭദ്രകാളി തന്നെ. കൊടുങ്ങല്ലൂരമ്മയായാണ് സങ്കല്പം.
ഭദ്രകാളി സങ്കൽപ്പത്തിൽ ഭഗവതിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ.വാൾ, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടുകൂടിയതാണ് പ്രതിഷ്ഠ. കർക്കിടമാസത്തെ ചാന്താട്ട സമയത്തു മാത്രമെ ബിംബം കാണാനാവുകയുള്ളു. അല്ലാത്തപ്പോഴൊക്കെ സ്വർണഗോളകയാണ് കാണുക. വരിക്കപ്ലാവിൽ നിർമ്മിച്ച ബിംബത്തിന് ഏഴടിയോളം ഉയരമുണ്ട്.നാഗങ്ങളും , ബ്രഹ്മരക്ഷസ്സും ഉപദേവതകളാണ്. .ശ്രീകോവിലിന്റെ വടക്കേ അറ്റത്ത് പ്രതിഷ്ഠ വീരഭദ്രനാണ്.
തെക്കോട്ടിറക്കം
ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്.പാറമേക്കാവിന്റെ 15 ആനകൾ തെക്കോട്ടിറങ്ങി കോർപ്പറേഷൻ ആപ്പീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നിൾക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.
ഓരോ കുട ഉഅയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉഅയർത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും.പിറ്റേന്ന് പകൽ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ് പൂരത്തിന്റെ മറ്റൊരു ആകർഷണം.
പകൽ പൂരം
രാവിലെ മൂന്ന് മണിക്ക് മഹാദേവനെ മൂന്ന് തവണ ശംഖൂതി വിളിച്ചുണർത്തി തിരുനടയിൽ നിന്ന് തിരി തെളിയിച്ച് കൊണ്ട് വന്ന് ശ്രീ മൂലസ്ഥാനത്ത് തിരി തെളിയിച്ച് ഭഗവതിമാരുടെ സാന്നിധ്യത്തിലാണ് പുലർച്ചെ വടക്കും നാഥനുള്ള കരിമരുന്ന് പ്രയോഗം നടക്കുന്നത്. തൃശൂർ പൂരത്തിൽ കരിമരുന്ന് പ്രയോഗം മാത്രമാണ് സമർപ്പിക്കുന്നത് .ഇതിനു വരുന്ന വരവു ചിലവ് കണക്കുകൾ നോക്കാൻ പാടില്ല .
പൂരപിറ്റേന്ന് രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും. തൃശ്ശൂർക്കാരുടെ പൂരം എന്നും ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കുന്നു. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ സമാപിക്കുന്നു.
പൂരക്കഞ്ഞി
പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ശർക്കര, നാളികേരകൊത്ത്, ഉപ്പ്, ചെത്തുമാങ്ങാ അച്ചാറും, പപ്പടവും, മട്ടഅരിക്ക്ഞ്ഞിയ്യൊടൊപ്പം ഉണ്ടാവും. ഒരു പാളയിൽ കഞ്ഞിയും മറ്റൊരു ഇലയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും.തിരുവമ്പാടിയുടേത് ദേവസ്വം ഓഡിറ്റോറിയമായ കൗസ്തുഭത്തിലും പാറമേക്കാവിന്റേത് ദേവസ്വം പുഷ്പാഞ്ജലി ഹാളിലുമാണ് ഒരുക്കുക.
പൂരങ്ങളുടെ പൂരത്തിനു വന്ന ഭക്തർ പൂരകഞ്ഞി നുണഞ്ഞ് സ്വ ഭവനങ്ങളിലേക്ക് തിരിക്കുന്നു. തൃശൂർ പൂരം കഴിഞ്ഞാൽ പിന്നെ കേരളത്തിൽ മറ്റൊരു പൂരമില്ല.
ജോക്സി ജോസഫ്
9495074921