നീ ബൗളറ് തന്നേടെ..! ഈഡനിൽ രാജസ്ഥനെ വേട്ടയാടി നരെയ്ൻ; സഞ്ജുവും സംഘവും മറികടക്കുമോ റൺമല

Published by
Janam Web Desk

സ്പെഷ്യലിസ്റ്റ് സ്പിന്നർ സ്പെഷ്യലിസ്റ്റ് ബാറ്ററായപ്പോൾ ഈഡനിൽ കണ്ടത് കൊൽക്കത്തയുടെ ബാറ്റിം​ഗ് വിരുന്ന്. വിൻഡീസ് കരുത്തുമായി സുനിൽ നരെയ്ൻ രാജസ്ഥാൻ ബൗളർമാരെ നേരിട്ടപ്പോൾ ഒരാൾക്കും മറുപടിയുണ്ടായിരുന്നില്ല. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് മൂന്നാം ഓവറിൽ പത്തു റൺസെടുത്ത ഫിൽ സാൾട്ടിനെ നഷ്ടമായെങ്കിലും നരെയ്ന്റെ മിന്നലടി ഇതിനെ മറികടന്നു. അം​ഗ്ക്രിഷ് രഘുവൻഷിയ്‌ക്കൊപ്പം 85 റൺസിന്റെ കൂട്ടുക്കെട്ടാണ് നരെയ്ൻ ഉയർത്തിയത്. 30 റൺസുമായി യുവതാരം പുറത്തായെങ്കിലും നരെയ്ൻ ആക്രമണം നിർത്തിയില്ല.

29 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച വിൻഡീസ് താരം 49 പന്തിൽ ഐപിഎല്ലിലെ കന്നി സെഞ്ച്വറി പൂർത്തിയാക്കി.
റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താകാനും താരത്തിന് കഴിഞ്ഞു. 6 പടുകൂറ്റൻ സിക്സറടക്കം 56 പന്തിൽ 106 റൺസെടുത്ത നരെയ്നെ ബോൾട്ട് ബൗൾഡാക്കുകയായിരുന്നു.

റസലിനൊപ്പം 51 റൺസിന്റെ പാർട്ണർഷിപ്പുണ്ടാക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ 13 റൺസുമായി റസൽ പുറത്തായി.ശ്രേയസ് അയ്യരും (11) ,വെങ്കിടേഷ് അയ്യരും (8) നിറം മങ്ങി. 9 പന്തിൽ 20 റൺസെടുത്ത റിങ്കു സിം​ഗാണ് കൊൽക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചത്.രാജസ്ഥാന് വേണ്ടി കുൽദീപ് സെന്നും ആവേശ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ട്രെന്റ് ബോൾട്ടിനും യുസ്വേന്ദ്ര ചഹലിനും ഒരോ വിക്കറ്റ് വീതം കിട്ടി.

Share
Leave a Comment