മലയാള സിനിമാ പ്രേമികൾ മറക്കാത്ത മുഖമാണ് നടി സൗന്ദര്യയുടേത്. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് സൗന്ദര്യ. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് ഇന്ന് 20 വർഷം തികയുകയാണ്. 2004 ഏപ്രിൽ 17-നാണ് ഹെലികോപ്റ്റർ അപകടത്തിൽ സൗന്ദര്യ മരണപ്പെട്ടത്. വീണ്ടുമൊരു ഓർമദിനം കൂടി വരുമ്പോൾ ഒരു നൊമ്പരത്തോടെയാണ് ആരാധകർ താരത്തെ ഓർമിക്കുന്നത്.
ചുരുക്കം ചില സിനിമകൾ മാത്രം ചെയ്ത് ആരാധകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴത്തിലെ ആമിനയെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ജയറാം നായകനായെത്തിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലും വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് സൗന്ദര്യയെത്തിയത്.
മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും അഭിനയമികവ് തെളിയിച്ച സൗന്ദര്യയ്ക്ക് തെന്ന്യന്ത്യൻ സിനിമാ ലോകത്തും ആരാധകർ ഏറെയായിരുന്നു. മരിക്കുന്ന സമയം സൗന്ദര്യ ഏഴ് മാസം ഗർഭിണിയായിരുന്നു. പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ സമയത്തായിരുന്നു ഈ ദുരന്ത വാർത്ത പുറത്തുവന്നത്. ഒരു തെരഞ്ഞെടുപ്പ് കാലത്തായിരുന്നു സൗന്ദര്യയുടെ വിയോഗം. ബിജെപി നേതാവായിരുന്ന സഹോദരനോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെയാണ് അപകടം നടന്നത്. മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത് വേദനയോടെ ഓർക്കുകയാണ് ആരാധകർ.
1992-ൽ പുറത്തിറങ്ങിയ ഗന്ധർവ എന്ന കന്നട ചിത്രത്തിലൂടെയാണ് സൗന്ദര്യ അഭിനയ രംഗത്തെത്തിയത്. ചിത്രം ഹിറ്റായതോടെ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ഭാഷകളിലും നായികയായി അഭിനയച്ചു. തെലുങ്ക് ഭാഷയിലായിരുന്നു സൗന്ദര്യ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത്. ആരാധകർക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളാണ് താരം സമ്മാനിച്ചത്. 12 വർഷക്കാലം നീണ്ടുനിന്ന അഭിനയ ജീവിതത്തിനിടയിൽ നൂറിലധികം സിനിമകളിലും സൗന്ദര്യ നായികാവേഷം ചെയ്തിട്ടുണ്ട്.