സുരേഷ് ഗോപി ഒരു വാക്ക് പറഞ്ഞാൽ അത് എങ്ങനെയും നിറവേറ്റുമെന്ന് ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയയായ ജസ്ന സലീം. സുരേഷ് ഗോപിക്കൊപ്പം നിൽക്കുകയാണെങ്കിൽ തൃശൂരിലെ ജനങ്ങളുടെ ഭാഗ്യമാണെന്നും ജസ്ന സലീം പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ജസ്ന സലിം.
‘സുരേഷേട്ടൻ ഒരു വാക്ക് പറഞ്ഞാൽ അത് എങ്ങനെയും നിറവേറ്റുമെന്നുള്ളതിന്റെ തെളിവാണ് ഞാൻ. ആ കാഴ്ച ഞാൻ കണ്ടതാണ്, സ്വന്തം മകളുടെ കല്യാണം ആയിട്ടും രാവിലെ മൂന്നരയ്ക്ക് ഗുരുവായൂർ റോഡിൽ നിന്ന ആളാണ് സുരേഷ്ഗോപി. ഇതൊക്കെ ആരെ കൊണ്ടെങ്കിലും സാധിക്കുമോ? എന്റെ വാപ്പ മൂന്ന് പെൺമക്കളുടെ കല്യാണം നടത്തിയതാണ്. എന്റെ വാപ്പയുടെ ടെൻഷൻ എനിക്കറിയാം.
ഏതൊരു മാതാപിതാക്കളായാലും ടെൻഷൻ ഉണ്ടാകും. കാരണം, നമ്മുടെ കുട്ടി മറ്റൊരു വീട്ടിലേക്ക് പോകുകയാണ്. ആ ടെൻഷന്റെ ഇടയിലാണ് എന്റെ ആവശ്യവും സുരേഷേട്ടൻ നടത്തിയത്. എന്നെ സ്വന്തം മകളെപോലെ കണക്കാക്കി എന്റെ ആവശ്യവും സാധിപ്പിച്ചു തന്ന ഏട്ടനാണ്. ഈ സുരേഷേട്ടന്റെ കൂടെ നിങ്ങൾ നിൽക്കുകയാണെങ്കിൽ നിങ്ങളുടെ ഭാഗ്യമാണ്. വിശ്വസിക്കാം നൂറു വട്ടം, ഒരു കാര്യം ചെയ്യും എന്ന് വാക്ക് നൽകിയാൽ ചെയ്തിരിക്കും.’- ജസ്ന സലീം പറഞ്ഞു.
മകളുടെ കല്യാണ തിരക്കിനിടയിലും ജസ്ന വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറാൻ സുരേഷ് ഗോപി അവസരമൊരുക്കുകയായിരുന്നു. അന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് പ്രധാനമന്ത്രിക്ക് ചിത്രം നൽകിയത്. അന്നും ജസ്ന സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞിരുന്നു.