അത്ഭുതങ്ങളാെന്നും സംഭവിച്ചില്ല, അഹമ്മദാബാദിൽ ഗുജറാത്തിനെതിരെ ആറു വിക്കറ്റ് വിജയം സ്വന്തമാക്കി ഡൽഹി. ഗുജറാത്തിന്റെ ഐപിഎല്ലിലെ ഏറ്റവും ചെറിയ ടോട്ടൽ 8.5 ഓവറിൽ ഡൽഹി മറികടന്നു. പതിവ് പോലെ പൃഥ്വി ഷാ(7) ഇന്നും നിരാശപ്പെടുത്തി. ജേക് ഫ്രേസർ 10 പന്തിൽ 20 റൺസുമായി ആശിച്ച തുടക്കമാണ് ഡൽഹിക്ക് നൽകിയത്.
എന്നാൽ പിന്നാലെയെത്തിയ അഭിഷേക് പോറലും(15), ഷായ് ഹോപ്പും(19) സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായത് ഡൽഹിയെ ആശങ്കയിലാക്കി. എന്നാൽ ക്രീസിൽ ഒരുമിച്ച ക്യാപ്റ്റൻ ഋഷഭ് പന്ത്(16) സുമിത് കുമാർ(9) സഖ്യം ഡൽഹിയെ വലിയ പരിക്കുകളില്ലാതെ മൂന്നാം ജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്ത് എത്താനും അവർക്കായി.
മലയാളി താരം സന്ദീപ് വാര്യർക്ക് രണ്ടു വിക്കറ്റ് ലഭിച്ചു. സ്പെൻസർ ജോൺസണും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം കിട്ടി. നേരത്തെ 89 റൺസിന് പുറത്തായ ഡൽഹിയുടെ ടോപ്സ്കോറർ 31 റൺസെടുത്ത റാഷിദ് ഖാനായിരുന്നു. ക്യാപ്റ്റൻ ഗില്ലടക്കം ഏഴ് പേരാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്.