ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നിന്ന നിൽപ്പിൽ നിറം മാറുന്ന ആളാണ് രാഹുൽ എന്ന് സ്മൃതി ഇറാനി വിമർശിച്ചു. മതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്. ഏപ്രിൽ 26ന് ശേഷം രാഹുൽ അമേഠിയിലേക്ക് വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. വയനാട്ടിൽ അന്നേ ദിവസമാണ് വോട്ടെടുപ്പ് നടക്കുന്നത്.
2019ൽ അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. ഇക്കുറി അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അമേഠിയാണ് തന്റെ കുടുംബമെന്ന് പറഞ്ഞിരുന്നയാൾ നിന്ന നിൽപ്പിൽ അതെല്ലാം മറന്നിരിക്കുകയാണെന്നും സ്മൃതി ഇറാനി പരിഹസിച്ചു. ” നിന്ന നിൽപ്പിലാണ് ആളുകളുടെ നിറം മാറുന്നത്, അവർ കുടുംബത്തെ വരെ മാറ്റി പറയുന്നു. ജാതിയുടേയും മതത്തിന്റേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ അയാൾ ഇവിടേക്ക് എത്തുമെന്ന് ഉറപ്പുണ്ട്. എന്നാൽ നമ്മൾ ഇതിനെ കുറിച്ച് ബോധവാന്മാരായിരിക്കണം” സ്മൃതി ഇറാനി പറഞ്ഞു.
രാഹുൽ ഗാന്ധി അവസാനമായി നടത്തിയ പത്രസമ്മേളനത്തേയും സ്മൃതി ഇറാനി പരിഹസിച്ചു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്കുള്ള ക്ഷണം നിരസിച്ചയാൾ, രാമനവമി ദിനത്തിൽ ഭഗവാൻ രാമന്റെ പേരിൽ ആശംസകൾ നേർന്നത് വിരോധാഭാസമാണെന്നായിരുന്നു പരിഹാസം. ” രാമനവമി ദിനത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് രാഹുൽ പത്രസമ്മേളനം തുടങ്ങിയത്. ഭഗവാൻ ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്ത കുടുംബമാണ് ആ വ്യക്തിയുടേത്. എന്നാലിപ്പോൾ ദൈവത്തിന്റെ കളികൾ നിങ്ങൾ കാണൂ, രാമനവമി ആശംസിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പത്രസമ്മേളനം തുടങ്ങിയത്. പ്രാണപ്രതിഷ്ഠയ്‌ക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചത് വളരെ സങ്കടകരമായ കാര്യമാണ്.
കഴിഞ്ഞ അഞ്ച് വർഷമായി അമേഠി വികസനത്തിന്റെ പാതയിലൂടെയാണ് മുന്നേറുന്നത്. അമേഠിയിലെ ജനങ്ങൾ എനിക്കൊപ്പം നിന്നത് കൊണ്ടുമാത്രമാണ് ഇത് സംഭവ്യമായത്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ജനങ്ങൾക്ക് ലഭിക്കുന്നില്ലായിരുന്നു. അദ്ദേഹം ഒരു കാലത്ത് സ്വന്തം കുടുംബമെന്ന് വിളിച്ചിരുന്ന നാല് ലക്ഷത്തോളം പേർക്ക് ശൗചാലയം പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. എന്നാലിന്ന് ആ സ്ഥിതിഗതികൾ മാറി. നാല് ലക്ഷം വീടുകളിലും ഇന്ന് ശൗചാലയങ്ങളുണ്ട്. മാറ്റങ്ങൾ സാധാരണക്കാരുടെ ജീവിതത്തിലും സംഭവിച്ച് കഴിഞ്ഞെന്നും” സ്മൃതി ഇറാനി പറഞ്ഞു.















